സ്വര്‍ണപതക്കവും തലപ്പാവും വാളും സമ്മാനിച്ച് പി.എം. നജീബിന് തലസ്ഥാന ജില്ലയുടെ ആദരം
Friday, November 21, 2014 8:16 AM IST
ദമാം: കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്രയ്ക്ക് ഐക്യദാര്‍ഡ്യവും മുന്‍ റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് പി.എം.നജീബിന് ആദരവും ബിജു കല്ലുമലയുടെ നേതൃത്വത്തില്‍ പുതുതായി നിലവില്‍ വന്ന റീജിയണല്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് സ്വീകരണവും ഒരുക്കി ദമാമില്‍ ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി.

നാലരവര്‍ഷക്കാലം കിഴക്കന്‍ പ്രവിശ്യാ ഒഐസിസി പ്രസിഡന്റായിരുന്ന പി.എം.നജീബിന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി തനത് മലബാര്‍ ശൈലിയില്‍ ഒരുക്കിയ ആദരിക്കല്‍ ചടങ്ങ് അവിസ്മരണീയമായിരുന്നു. പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ ദമാം, അല്‍കോബാര്‍, ജുബൈല്‍, രാസ്തന്നൂറ, സൈഹാത്, അല്‍ഹസ മേഘലകളിലായി ഒമ്പത് ഏരിയ കമ്മിറ്റികളും പന്ത്രണ്ട് ജില്ലാ കമ്മിറ്റികളുമായി പല പ്രതിസന്ധികളെയും തരണം ചെയ്ത് വിജയകരമായി ഒഐസിസി സംഘടനാ സംവിധാനം ശക്തിപ്പെടുത്തിയതിനാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി പി.എം.നജീബിനെ ആദരിച്ചത്.

നിതാഖാത് സമയത്ത് ഒഐസിസി ഗ്ളോബല്‍ പ്രസിഡന്റ് സി.കെ.മേനോനില്‍ നിന്നും നിതാഖാത്ത് ഇരകള്‍ക്കായി നാട്ടിലേക്കുള്ള അമ്പത് വിമാനടിക്കറ്റുകള്‍ നേടിയെടുക്കുകയും അത് അര്‍ഹാരായവര്‍ക്ക് നല്‍കുകയും ചെയ്തതില്‍ പി.എം.നജീബ് വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഡ്വ. നൈസാം നഗരൂര്‍ തലപ്പാവ് അണിയിച്ചപ്പോള്‍ ജനറല്‍ സെക്രട്ടറി സന്തോഷ് കുമാര്‍ വാള്‍ സമ്മാനിച്ചു. ഒപ്പം ഇരുവരും ചേര്‍ന്ന് ജില്ലാ കമ്മിറ്റി നല്‍കുന്ന സ്വര്‍ണപതക്കവും ഫലകവും ഇപ്പോള്‍ ഒഐസിസി സൌദി നാഷണല്‍ കമ്മിറ്റിയംഗം കൂടിയായ പി.എം.നജീബിന് നല്‍കി. തുടര്‍ന്ന് പുതുതായി ചുമതലയേറ്റ ബിജു കല്ലുമലയെ അഡ്വ. നൈസാം നഗരൂര്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ജില്ലാ കമ്മിറ്റി നല്‍കുന്ന ഉപഹാരം സന്തോഷ് കുമാര്‍ ബിജു കല്ലുമലക്ക് നല്‍കി.

അഡ്വ. നൈസാം നഗരൂര്‍ അധ്യക്ഷത വഹിച്ച സമ്മേളനം റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല സമ്മേളനം ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ പടപൊരുതുന്ന ജനപക്ഷ യാത്രാ നായകന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് ദമാം റീജിയണല്‍ കമ്മിറ്റിയുടെ പിന്തുണ അറിയിക്കുന്നതായി ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. വരും തലമുറയെപ്പോലും കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പൊതുസമൂഹം ഉണരണമെന്നും ബിജു കല്ലുമല ആവശ്യപ്പെട്ടു. ഗ്ളോബല്‍ കമ്മിറ്റി മെംബര്‍ മാത്യു ജോസഫ് ജനപക്ഷ യാത്രക്കുള്ള ഐക്യദാര്‍ഡ്യ സന്ദേശം നല്‍കി. അഷറഫ് മുവാറ്റുപുഴ, മുഹമ്മദലി പാഴൂര്‍, സക്കീര്‍ ഹുസൈന്‍, അന്‍സാര്‍ ആടിക്കാട്ടുകുളങ്ങര എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

തുടര്‍ന്ന് ഗ്ളോബല്‍ കമ്മിറ്റി മെംബര്‍മാരായ അഷറഫ് മൂവാറ്റുപുഴ, മാത്യു ജോസഫ് റീജിയണല്‍ കമ്മിറ്റി ഭാരവാഹികളായ സുരേഷ് കുന്നം, ഹനീഫ് റാവുത്തര്‍, ഇ.കെ.സലിം, ശിഹാബ് കായംകുളം, റഫീഖ് കൂട്ടിലങ്ങാടി, ഷംസ് കൊല്ലം, സക്കീര്‍ ഹുസൈന്‍, സുമേഷ് കാട്ടില്‍, യൂത്ത് വിംഗ് പ്രസിഡന്റ് നബീല്‍ നെയ്തല്ലൂര്‍, വനിതാ വേദി പ്രസിഡന്റ് ഡോ. സിന്ധു ബിനു, പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ശ്യാം പ്രകാശ് എന്നിവരെ ജില്ലാ കമ്മിറ്റി ഭാരവാഹികളായ ആന്റണി കല്ലറക്കല്‍, ലാല്‍ അമീന്‍, മുഹമ്മദ് ഹസീം, സി.വി. രാജേഷ്, സുനില്‍ ഖാന്‍, ഹുസൈന്‍ പാലച്ചിറ, അബ്ദുള്‍ റഷീദ്, ദാവൂദ്, ഷമീര്‍ വാഹിദ്, ശ്രീകുമാര്‍, സജ്ന ലാല്‍ അമീന്‍ എന്നിവര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. രാജു പള്ളിയത്ത്, രമേശ് പാലക്കാട്, റോയ് ശാസ്താംകോട്ട എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന കലാവിരുന്നിന് നാസര്‍ ആലപ്പി നേതൃത്വം നല്‍കി. സുരേഷ് റാവുത്തര്‍, ഷിനോജ്, ജൂഡിറ്റ്, സാന്ദ്രാ ഡിക്സന്‍, മാസ്റര്‍ നിരഞ്ജന്‍, കല്യാണി ബിനു, ഹമീദ് കണിച്ചാട്ടില്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ജിയോ ഏബ്രഹാം നൃത്തം അവതരിപ്പിച്ചു. പരിപാടിയുടെ മുഖ്യപ്രായോജകരായ ദാദാബായി ട്രാവല്‍സ് പ്രതിനിധി ഷഫീഖും ജില്ലാ കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് കലാകാരന്മാര്‍ക്ക് ഉപഹാരം സമ്മാനിച്ചു. അസ്ന ഷംസ് ഖിറാഅത്ത് നടത്തി. സന്തോഷ് കുമാര്‍ സ്വാഗതവും ലാല്‍ അമീന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം