നീതി തേടി പ്രവീണിന്റെ മാതാപിതാക്കള്‍ അമേരിക്കന്‍ തലസ്ഥാനത്ത്
Friday, November 21, 2014 5:34 AM IST
ഷിക്കാഗോ: ഇക്കഴിഞ്ഞ ഫെബ്രുവരി മാസം 13-ന് കാണാതാവുകയും, അഞ്ചുദിവസങ്ങള്‍ക്കുശേഷം ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്ത പ്രവീണ്‍ വര്‍ഗീസിന്റെ മരണത്തിനുത്തരവാദികളായവരെ കണ്െടത്തണമെന്ന ആവശ്യവുമായി പ്രവീണിന്റെ മാതാപിതാക്കളായ മാത്യുവും, ലൌലിയും, സഹോദരി പ്രീതിയും മറ്റ് കുടുംബാംഗങ്ങളും, സുഹൃത്തുക്കളും വാഷിംഗ്ടണില്‍ എത്തി. ഷിക്കാഗോയില്‍ നിന്ന് പതിന്നാലര മണിക്കൂര്‍ ഡ്രൈവ് ചെയ്താണ് അവര്‍ തലസ്ഥാനത്ത് എത്തിയത്.

സെനറ്റ് അംഗങ്ങളായ റിച്ചാര്‍ഡ് ഡര്‍ബിന്‍, മാര്‍ക്ക് കെര്‍ക്ക് എന്നിവരേയും കോണ്‍ഗ്രസ് വുമണ്‍ ജന്‍ഷെക്കവ്സ്കി എന്നിവരേയും അവര്‍ സന്ദര്‍ശിച്ച് നിവേദനം നല്‍കി. സെനറ്റ് അംഗങ്ങളും കോണ്‍ഗ്രസ് വുമണും എല്ലാവിധ സഹായങ്ങളും അവര്‍ക്ക് വാഗ്ദാനം ചെയ്തു. ഫെഡറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റീസും ഈ കേസില്‍ കുടുംബാംഗങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് എടുത്തിട്ടുള്ളത്. പ്രവീണ്‍ മരണമടഞ്ഞ പ്രദേശമായ കാര്‍ബണ്‍ഡേയ്ല്‍ സിറ്റി പോലീസ്, സ്റേറ്റ് അറ്റോര്‍ണി തുടങ്ങിയവരുടെ അനാസ്ഥയാണ് ഈ കേസിലെ പ്രതികളെ പിടികൂടുവാനുള്ള തടസ്സമെന്ന് പ്രവീണിന്റെ മാതാപിതാക്കള്‍ ആരോപിച്ചു.

പ്രവീണ്‍ ആക്ഷന്‍ കൌണ്‍സില്‍ അംഗങ്ങളും, ദേശവാസികളും പുര്‍ണ്ണമായ പിന്തുണയും സഹകരണങ്ങളും നല്‍കുന്നതായി അവര്‍ പറഞ്ഞു. ഡീക്കന്‍ ലിജു പോള്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം