മാര്‍ത്തോമ സഭയുടെ ഇടയശ്രേഷ്ഠര്‍ക്ക് ഡാളസില്‍ സ്വീകരണം നവംബര്‍ 22ന്
Thursday, November 20, 2014 7:20 AM IST
ഡാളസ്: സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, മുന്‍ ഭദ്രാസന എപ്പിസ്കോപ്പയും കൊട്ടാരക്കര- പുനലൂര്‍ ഭദ്രാസനാധിപനായ ഡോ. യുയാക്കിം മാര്‍ കൂറിലോസ് എന്നീ ഇടയ ശ്രേഷ്ഠര്‍ക്ക് നവംബര്‍ 22 ന് (ശനി) വൈകുന്നേരം നാലിന് മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് സെഹിയോനില്‍ ഡാളസിലെ നാല് മാര്‍ത്തോമ ഇടവകകളുടെയും സംയുക്താഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു.

സമ്മേളനം ആംഗ്ളിക്കന്‍ സഭയുടെ ഡാളസ് ബിഷപ് ഡോ. റേ ആര്‍. ഷട്ടണ്‍ ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ ഒമ്പതിന് മാര്‍ത്തോമ സഭയില്‍ മേല്‍പട്ടത്വ ശുശ്രൂഷയില്‍ 25 വര്‍ഷം പൂര്‍ത്തീകരിക്കുന്ന ഗീവര്‍ഗീസ് മാര്‍ അത്താനാസ്യോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, ഡോ. യുയാക്കിം മാര്‍ കൂറിലോസ് എന്നീ എപ്പിസ്കോപ്പാമാര്‍ സഭയ്ക്കും ആഗോള എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങള്‍ക്കും ആത്മീയവും ഭൌതികവുമായ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിഞ്ഞ ഇടയ ശ്രേഷ്ഠരാണ്.

പ്രതിഭാധനനായ ആധ്യാത്മിക പ്രഭാഷകനും ശുശ്രൂഷാ സരണിയിലെ കര്‍മോജ്വല വ്യക്തിത്വവുമാണ് മാര്‍ അത്താനാസ്യോസ്. ഉത്തമവും ഉദാത്തവുമായ ജീവിത ശൈലിയിലൂടെ കര്‍മ്മ മേഖല ചൈതന്യമാക്കി ദൈവ രാജ്യ പ്രവര്‍ത്തനത്തില്‍ സജീവ നേതൃത്വം നല്‍കുന്ന പ്രതിഭാ ധനനാണ് മാര്‍ തിയഡോഷ്യസ്. ധ്യാന നിഷ്ഠമായ ജീവിതത്തിലൂടെയും സ്നേഹോഷ്മളവുമായ പെരുമാറ്റത്തിലൂടെയും സഭാ പ്രവര്‍ത്തനങ്ങളില്‍ ആധ്യാത്മിക പ്രഭ ചൊരിയുന്ന കര്‍മ്മ യോഗിയാണ് മാര്‍ കൂറിലോസ്.

സ്വീകരണ സമ്മേളനം വിജയിപ്പിക്കാനായി ഡാളസിലെ മാര്‍ത്തോമ ഇടവകകളെ പ്രതിനിധീകരിച്ചു വൈദികരായ ജോസ് സി. ജോസഫ് മാത്യു, ഒ.സി. കുര്യന്‍, സജി തോമസ്, സാം മാത്യു, ജോര്‍ജ് ജയ്ക്കബ്, ആത്മായ നേതാക്കളായ പി. വി. തോമസ്, വര്‍ഗീസ് മാത്യു, ബോബി മാത്യു, ഫില്‍ മാത്യു, സന്തോഷ് ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. സമ്മേളനത്തിലേക്ക് ഡാളസിലെ എല്ലാ വിശ്വാസ സമൂഹത്തേയും സാമൂഹിക, സാംസ്കാരിക നേതാക്കളെയും സ്വാഗതം ചെയ്യുന്നതായി കണ്‍വീനര്‍ ഫാ. സജി തോമസ് അറിയിച്ചു.

റിപ്പോര്‍ട്ട്: ഷാജി രാമപുരം