ടോണി ക്രൂസ് ലോക ചാമ്പ്യന്മാരുടെ മാനം കാത്തു
Wednesday, November 19, 2014 10:07 AM IST
ബര്‍ലിന്‍: 2014 ലെ ലോക ചാമ്പ്യന്മാരായ ജര്‍മനി 2012 ലെ യൂറോ ചാമ്പ്യന്മാരായ സ്പെയിനെ കീഴടക്കി. അവസാന മിനിറ്റില്‍ ടോണി ക്രൂസ് നേടിയ ഒരേയൊരു ഗോളിന്റെ ബലത്തില്‍ ജര്‍മനി സ്പെയിനെ തോല്‍പ്പിച്ചു. ലോകകപ്പ് കളിച്ച ടീമിലെ നാലു പേര്‍ മാത്രമാണ് ഈ മത്സരത്തില്‍ സ്പെയിനിന്റെ സ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഉള്‍പ്പെട്ടത്. അവര്‍ പഴയ പ്രതാപകാലം ഓര്‍മിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കുകയും ചെയ്തു.

ജര്‍മനിയുടെ സൂപ്പര്‍ താരം തോമസ് മ്യുള്ളര്‍ 22-ാം മിനിറ്റില്‍ പരിക്കേറ്റ് പുറത്തായത് ലോക ചാമ്പ്യന്മാര്‍ക്കു കനത്ത തിരിച്ചടിയായി. ലോകകപ്പ് ഫൈനല്‍ കളിച്ച ടീമിലെ മൂന്നു പേര്‍ മാത്രമാണ് ജര്‍മന്‍ നിരയില്‍ ഇറങ്ങിയത്.

മത്സരത്തില്‍ നേരിയ ആധിപത്യം സ്പെയിനായിരുന്നെങ്കിലും ആരും ഗോളടിക്കുമെന്ന പ്രതീതി ഒരിക്കലും ഉണര്‍ന്നില്ല. അവസാന മിനിറ്റില്‍ (90) റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ നേടിയ ഗോള്‍ ജര്‍മനിക്ക് ബോണസാകുകയും ചെയ്തു. സ്പെയിനിലെ തുറമുഖപട്ടണമായ വിഗോയിലെ സെല്‍റ്റാ ബലെയിഡോസ് സ്റേഡിയത്തിലാണ് മല്‍സരം നടന്നത്. ഫിഫാ റാങ്കിംഗില്‍ ജര്‍മനി ഇപ്പോഴും ഒന്നാമതാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍