ദര്‍ശന സാഫല്യമേകി മുത്തപ്പന്‍ മഹോത്സവം സമാപിച്ചു
Wednesday, November 19, 2014 8:45 AM IST
ന്യൂഡല്‍ഹി: മയൂര്‍ വിഹാര്‍ ഫേസ്3ലെ ബി6 പാര്‍ക്കില്‍ അണിയിച്ചൊരുക്കിയ മുത്തപ്പ സന്നിധിയിലേക്ക് നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഭക്തജന പ്രവാഹം. ആശ്വാസ വചനങ്ങളും ദര്‍ശന സാഫല്യവുമായി ഭക്ത സഹസ്രങ്ങള്‍ മുത്തപ്പ പാദങ്ങളില്‍ പ്രണമിച്ചു.

ഡല്‍ഹി മുത്തപ്പ സേവാ സമിതിയുടെ പത്താമത് മുത്തപ്പ മഹോത്സവമായിരുന്നു നവംബര്‍ 16 ന് (ഞായര്‍) നടന്നത്. രാവിലെ മാടവന നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. മയൂര്‍ വിഹാറിലെ ബാലഗോകുലം കുട്ടികള്‍ അവതരിപ്പിച്ച മുത്തപ്പസ്തുതികള്‍ക്കുശേഷം ആരൂഡമായ കുന്നത്തൂര്‍ പാടിയില്‍ നിന്നുള്ള വരവിനെ അനുസ്മരിപ്പിച്ചുകൊണ്ട് മലയിറക്കവും തുടര്‍ന്ന് മുത്തപ്പന്റെ തിരുമുടിയേറ്റി കളിയാട്ടവും നടന്നു.

രാഘവന്‍ ഡല്‍ഹിയും മുല്ലക്കൊടി പ്രഭാകരനുമായിരുന്നു മടയന്മാര്‍. പാറപ്രം (തലശേരി) അജേഷും സംഘവും ചെണ്ടയില്‍ വാദ്യമേളങ്ങളൊരുക്കി. തളിപ്പറമ്പ് ചുഴലിയിലെ അമ്പോലുമ്മല്‍ വിജയന് ആചാരിയുടെ നേതൃത്വത്തില്‍ താത്കാലിക മടപ്പുര ഒരുക്കി. തലശേരി വടക്കുമ്പാട് വത്സന്‍ പെരുവണ്ണാനാണ് ഇത്തവണ മുത്തപ്പന്‍ വേഷമണിഞ്ഞത്.

മുത്തപ്പനെ കാണാനും അനുഗ്രഹങ്ങള്‍ വാങ്ങാനും ഡല്‍ഹിയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ള ഭക്തജനങ്ങളെക്കൂടാതെ സാമൂഹിക,സാംസ്കാരിക,രാഷ്ട്രീയ രംഗത്തെ പ്രമുഖരും സന്നിഹിതരായി. വന്നെത്തിയ ഭക്തജനങ്ങള്‍ക്കെല്ലാം സംഘാടകര്‍ ഭക്ഷണം വിളമ്പി. ദര്‍ശനവും അനുഗ്രഹവും നല്‍കി രാവേറെ ചെന്നപ്പോള്‍ മുത്തപ്പന്‍ മലകയറിയതോടെ ഈ വര്‍ഷത്തെ ഉത്സവം സമാപിച്ചു.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി