കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാഇടവകയുടെ സണ്‍ഡേ സ്കൂള്‍ സ്ഥാപിതമായതിന്റെ അമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ആദ്യഫല പെരുന്നാളും നവംബര്‍ 21 ന് (വെള്ളി) രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെ ഹവല്ലി അല്‍-ജലീല്‍ അല്‍-ജദീദ് സ്കൂളില്‍ നടക്കും.
പ്രസ്തുത ചടങ്ങുകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഇടുക്കി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപോലീത്താ മുഖ്യാതിഥിയായിരിക്കും.
കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്, സൌത്ത് ആഫ്രിക്കന്‍ അംബാസഡര്‍ ഡെലാരി വാന്‍ ടോണ്ഡന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍, പ്രത്യേകമായി തയാറാക്കിയ പതാക ഉയര്‍ത്തല്‍, ജൂബിലി ഗാനാലാപനം, ലോഗോ പ്രകാശനം, മെഡലിയന്‍ പ്രകാശനം എന്നിവയും ഇടവകയിലെ ആത്മീയപ്രസ്ഥാനങ്ങള്‍, സണ്ഡേസ്കൂള് വിദ്യാര്‍ഥികള്‍ എന്നിവര്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, പ്രശസ്ത വയലിനിസ്റ് മനോജ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള 4-സ്ട്രിംഗ്സ് നയിക്കുന്ന സംഗീത വിരുന്നില്‍ പ്രശസ്ത പിന്നണി ഗായിക സിതാര കൃഷ്ണകുമാര്‍, റഹ്മാന്, വിഷ്ണുരാജ് എന്നിവര്‍ അണിനിരക്കുന്നു.
പരിപാടിയുടെ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണെന്ന് സംഘാടകസമിതി അറിയിച്ചു.
പത്രസമ്മേളനത്തില്‍ മാത്യൂസ് മാര്‍ തേവോദോസിയോസ്, ഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. റെജി സി. വര്‍ഗീസ്, ട്രഷറാര്‍ സജി മാത്യു, സെക്രട്ടറി സാബു ഏലിയാസ്, ആദ്യഫലപെരുന്നാള്‍ ജനറല്‍ കണ്‍വീനര്‍ ജോണ്‍ ജോര്‍ജ്, സണ്ഡേസ്കൂള് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ജനറല്‍ കണ്‍വീനര്‍ പി.സി. ജോര്‍ജ്, സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റര്‍ കുര്യന് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.