ലണ്ടന്‍ മലയാളി കൌണ്‍സില്‍ സാഹിത്യ പുരസ്കാരം ബേബി കാക്കാശേരിക്ക് സമ്മാനിച്ചു
Tuesday, November 18, 2014 10:19 AM IST
പത്തനംതിട്ട: ലണ്ടന്‍ മലയാളി കൌണ്‍സിലിന്റെ സാഹിത്യ പുരസ്കാരം പ്രവാസി സാഹിത്യകാരന്‍ ബേബി കാക്കാശേരിക്ക് സമ്മാനിച്ചു. ശില്‍പ്പവും പ്രശംസാപത്രവും കാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്കാരം. പത്തനംതിട്ട പ്രസ്ക്ളബ് ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ. ശിവദാസന്‍ നായര്‍ എംഎല്‍എ ബേബി കാക്കാശേരിക്കു സമ്മാനിച്ചു.

സ്വിറ്റ്സര്‍ലന്‍ഡില്‍ താമസിക്കുന്ന ബേബി കാക്കാശേരിയുടെ 'ഹംസഗാനം' എന്ന കവിതാസമാഹാരത്തിനാണ് അവാര്‍ഡു നല്‍കിയത്. വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കവിത എഴുതുന്ന ബേബി ഹംസഗാനം എന്ന കവിതയിലൂടെ ആക്ഷേപ സാഹിത്യത്തിന്റെ കൂരമ്പുകളും മനുഷ്യര്‍ എത്ര ഉന്നതരായാലും മണ്ണില്‍ കാലുറപ്പിച്ചു നില്‍ക്കണമെന്ന സന്ദേശവുമാണ് നല്‍കുന്നത്. പ്രവാസി സാഹിത്യകാരന്മാര്‍ക്കിടയില്‍ നല്‍കുന്ന പുരസ്കാരം അഞ്ചുവര്‍ഷത്തിലൊരിക്കലാണ് നല്‍കുന്നതെന്ന് ലണ്ടന്‍ മലയാളി കൌണ്‍സില്‍ പ്രസിഡന്റ് സണ്ണി പറഞ്ഞു.

ദീപിക ഡോട്ട് കോം ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെയാണ് പുരസ്കാരത്തിനുള്ള പുസ്തകങ്ങള്‍ ക്ഷണിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍, കാരൂര്‍ സോമന്‍, പീറ്റര്‍ നീണ്ടൂര്‍ തുടങ്ങിയവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.