ആഗോള പ്രതിച്ഛായയില്‍ ജര്‍മനി യുഎസിനെ കടത്തിവെട്ടി
Tuesday, November 18, 2014 10:19 AM IST
ബര്‍ലിന്‍: 2009നു ശേഷം ആദ്യമായി, ലോകത്തെ ഏറ്റവും മികച്ച പ്രതിച്ഛായയുള്ള രാജ്യം എന്ന പദവി യുഎസിനു നഷ്ടമായി. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ജിഎഫ്കെ തയാറാക്കിയ പട്ടികയനുസരിച്ച് ജര്‍മനിക്കാണിപ്പോള്‍ ആഗോള പ്രതിച്ഛായയില്‍ ഒന്നാം സ്ഥാനം.

ഇരുപതു രാജ്യങ്ങളിലായി ഇരുപതിനായിരം പേര്‍ക്കിടയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത്. അമ്പതു രാജ്യങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കയറ്റുമതി, ഭരണം, സംസ്കാരം, ജനത, ടൂറിസം, കുടിയേറ്റം, നിക്ഷേപം എന്നീ ഘടകങ്ങളാണ് സര്‍വേയില്‍ മാനദണ്ഡമാക്കിയത്.

ഫുട്ബോള്‍ ലോകകപ്പ് നേട്ടമാണ് ജര്‍മനിയുടെ പ്രതിച്ഛായയ്ക്ക് ഏറ്റവും വലിയ ഉത്തേജനം നല്‍കിയതെന്നാണ് വിലയിരുത്തല്‍. യൂറോപ്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക സാന്നിധ്യം, ശക്തമായ സമ്പദ് വ്യവസ്ഥ, അന്താരാഷ്ട്ര ഇടപാടുകള്‍ എന്നിവയും പരിഗണിക്കപ്പെട്ടു.

ഭരണത്തിന്റെ കാര്യത്തില്‍ ജര്‍മനി നില മെച്ചപ്പെടുത്തിയപ്പോള്‍, നിക്ഷേപ അന്തരീക്ഷത്തിന്റെ കാര്യത്തില്‍ ഒന്നാമതുമെത്തി. പട്ടികയിലെ ആദ്യ പത്തു സ്ഥാനങ്ങളില്‍ ജര്‍മനിയും യുഎസും ഒന്നും രണ്ടും സ്ഥാനങ്ങള്‍ പരസ്പരം മാറിയതൊഴികെ മാറ്റങ്ങളില്ല. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ശ്രമങ്ങളുടെ കാര്യത്തിലാണ് യുഎസിന് വോട്ട് കുറഞ്ഞത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍