ജര്‍മന്‍ സമ്പദ് വ്യവസ്ഥയില്‍ ഉടന്‍ വലിയ പുരോഗതി പ്രതീക്ഷിക്കേണ്ടെന്ന് ബുണ്ടസ് ബാങ്ക്
Tuesday, November 18, 2014 10:14 AM IST
ബര്‍ലിന്‍: ജര്‍മന്‍ സമ്പദ് വ്യവസ്ഥയുടെ നാമമാത്രമായ വളര്‍ച്ച കുറഞ്ഞ പക്ഷം വര്‍ഷാവസനം വരെ ഇങ്ങനെ തന്നെ തുടരുമെന്ന് ബുണ്ടസ് ബാങ്കിന്റെ പ്രവചനം. കഴിഞ്ഞ രണ്ടു പാദങ്ങളില്‍ മാന്ദ്യം നേരിട്ട സമ്പദ് വ്യവസ്ഥ മൂന്നാം പാദത്തില്‍ നേരിയ വളര്‍ച്ച നേടിയതോടെ സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപെടുകയായിരുന്നു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ അടിയന്തരമായി വീണ്ടും പുരോഗതി വരാന്‍ പാകത്തില്‍ ഒന്നും കാണുന്നില്ല. എന്നു മാത്രമല്ല, കയറ്റുമതിയെ പ്രധാനമായി ആശ്രയിക്കുന്ന ജര്‍മനിക്ക് ഇപ്പോള്‍ ഓര്‍ഡറുകള്‍ കുറയുന്ന സ്ഥിതിയാണുള്ളതെന്നും ബുണ്ടസ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു.

ജര്‍മനി ഈ നിലയില്‍ തുടരുന്ന സാഹചര്യത്തില്‍, യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയിലും സമീപ ഭാവിയില്‍ വലിയ പുരോഗതി പ്രതീക്ഷിക്കാന്‍ കഴിയില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍