അബുദാബി മാര്‍ത്തോമ ഇടവകയുടെ കൊയ്ത്തുത്സവം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Tuesday, November 18, 2014 7:20 AM IST
അബുദാബി: മാര്‍ത്തോമ ഇടവകയുടെ ഈ വര്‍ഷത്തെ കൊയ്ത്തുത്സവം നവംബര്‍ 21 ന് (വെള്ളി) മൂന്നു മുതല്‍ വിപുലമായ പരിപാടികളോടെ മുസഫയിലെ ദേവാലയങ്കണത്തില്‍ നടക്കും. മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

കേരളീയ വിഭവങ്ങളുടെ വന്‍ നിരയുമായി ഒരുക്കുന്ന 60 ഫുഡ്സ്റാളുകളാകും പരിപാടിയുടെ ആകര്‍ഷണ കേന്ദ്രം. ഇടവകയിലെ പ്രാര്‍ഥന ഗ്രൂപ്പുകളും വിവിധ സംഘടനകളും തുറക്കുന്ന സ്റാളുകള്‍, ക്രിസ്മസ് ബസാര്‍, വിനോദമത്സരങ്ങള്‍, കലാ പരിപാടികള്‍ എന്നിവയും അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന കിഡ്സ് ഷോ, വിലപിടിപ്പുള്ള നിരവധി സമ്മാനങ്ങളുമായി ഭാഗ്യ നറുക്കെടുപ്പുകള്‍ എന്നിവയും മേളയുടെ ഭാഗമാണ്.

ഇടവക വികാരി റവ. പ്രകാശ് ഏബ്രഹാം, സഹ വികാരി റവ. ഐസക് മാത്യു, സെക്രട്ടറി ബിജു പാപ്പച്ചന്‍, ട്രസ്റി കെ.വി ജോസഫ്, ബിജു ടി. മാത്യു, ജനറല്‍ കണ്‍വീനര്‍ എം.സി വര്‍ഗീസ്, ജോയിന്റ് കണ്‍വീനര്‍ സജി മാത്യു, പബ്ളിസിറ്റി കണ്‍വീനര്‍ സുജിത് മാത്യു വര്‍ഗീസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

മേളയില്‍ നിന്നും ലഭിക്കുന്ന തുക ഇടവകയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള