സ്റാറ്റന്‍ ഐലന്‍ഡില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ആഘോഷിച്ചു
Tuesday, November 18, 2014 7:20 AM IST
ന്യുയോര്‍ക്ക്: സ്റാറ്റന്‍ ഐലന്‍ഡ് സീറോ മലബാര്‍ ഇടവകയുടെ സ്വര്‍ഗീയ മധ്യസ്ഥനായ വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ തിരുനാളും പരിശുദ്ധ കന്യകാ മറിയത്തിന്റെയും മാര്‍ തോമാശ്ളീഹായുടേയും തിരുനാളുകള്‍ സംയുക്തമായി ബേ സ്ട്രീറ്റിലുള്ള സെന്‍റ്റ് മേരീസ് പള്ളിയില്‍ ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളോടും പ്രൌഢഗംഭീരമായ പ്രദക്ഷിണത്തോടും കൂടി ആഘോഷിച്ചു.

ഒക്ടോബര്‍ 19 ന് (ഞായര്‍) ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് പിതാവിന്റെ പ്രധാന കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയോടുകൂടി തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഫാ. സിബി വെട്ടിയോലില്‍ (വികാരി), ഫാ. ഡേവി കാവുങ്കല്‍, ഫാ. റോയ്സണ്‍ മേനോലിക്കല്‍, ഫാ. മാത്യു ഈരാളി, ഫാ. ജോ കാരിക്കുന്നേല്‍, ഫാ. ജോര്‍ജ് ഉണ്ണുണ്ണി, ഫാ. മാത്യു പാഴൂര്‍, ഫാ. ജില്‍സണ്‍ നടുവിലേടത്ത്, ഫാ. ബാബു തേലപ്പിള്ളി, ഫാ. ജോബി പുന്നിലത്തില്‍ എന്നിവര്‍ തിരുനാള്‍ കര്‍മ്മങ്ങളില്‍ പങ്കെടുത്തു.

തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം നിറപ്പകിട്ടാര്‍ന്ന കൊടികളുടേയും മുത്തുക്കുടകളുടേയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ തിരുസ്വരൂപങ്ങളും തിരുശേഷിപ്പും വഹിച്ചുകൊണ്ട് നടത്തിയ നഗര പ്രദക്ഷിണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ ഭക്തിയാദരവോടുകൂടി പങ്കെടുത്തു. പ്രദക്ഷിണത്തിനുശേഷം പള്ളിയില്‍ തിരിച്ചെത്തിയ ഭക്തജനം കുഞ്ഞച്ചന്റെ തിരുശേഷിപ്പ് വണങ്ങി പ്രാര്‍ഥിക്കുകയും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുകയും ചെയ്തു. തിരുനാള്‍ കര്‍മ്മങ്ങള്‍ക്കുശേഷം വിഭവസമൃദ്ധമായ സ്നേഹവിരുന്നും നടന്നു.

ആലപ്പുഴ-കുട്ടനാട് സ്വദേശിയും സ്റാറ്റന്‍ ഐലന്‍ഡ് ഇടവകാംഗവുമായ പത്തില്‍ ബേബി ആന്റണിയും കുടുംബവുമാണ് ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്. കൈക്കാരന്‍ ദേവസ്യാച്ചന്‍ മാത്യുവിന്റേയും ഫിലിപ്പ് പായിപ്പാട്ടിന്റെയും നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങള്‍ ആഘോഷ പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

ജോര്‍ജ് മുണ്ടിയാനിയുടെ നേതൃത്വത്തിലുള്ള ഗായകസംഘം തിരുക്കര്‍മ്മങ്ങള്‍ ഭക്തി സാന്ദ്രമാക്കി. തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം അടുത്ത വര്‍ഷത്തെ തിരുനാളിന്റെ പ്രസുദേന്തി വാഴ്ചയും നടന്നു. ഇടവകാംഗമായ വട്ടുകുന്നേല്‍ ടോം തോമസും കുടുംബവുമാണ് അടുത്ത വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തിരിക്കുന്നത്. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളില്‍ പങ്കെടുക്കുന്നതിന് നാടിന്റെ നാനാഭാഗത്തുനിന്നും വന്നുചേര്‍ന്ന ഭക്തജനങ്ങള്‍ക്ക് വികാരി ഫാ. സിബി വെട്ടിയോലില്‍ നന്ദി പറയുകയും തിരുനാളില്‍ സഹകരിച്ച ഏവര്‍ക്കും കുഞ്ഞച്ചന്റെ മാധ്യസ്ഥം വഴി ധാരാളം അനുഗ്രഹങ്ങള്‍ ലഭിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ബേബിച്ചന്‍ പൂഞ്ചോല