മാധ്യമലോകത്ത് പുതുചരിത്രം കുറിച്ച് ഇന്തോ -അമേരിക്കന്‍ പ്രസ്ക്ളബ് ഉദ്ഘാടനം ചെയ്തു
Tuesday, November 18, 2014 6:17 AM IST
ന്യൂജേഴ്സി: മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയ്ക്കു പുതുചരിത്രം രചിച്ചുകൊണ്ട് ഇന്തോ -അമേരിക്കന്‍ പ്രസ്ക്ളബിന് (ഐഎപിസി) ഔപചാരിക തുടക്കമായി. നവംബര്‍ 15 ന് ന്യൂജേഴ്സിയിലെ ഈസ്റ് റതര്‍ഫൊര്‍ഡിലുള്ള ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രസ്ക്ളബ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സിനിമയ മീഡിയ ഫൌണ്ടറും പബ്ളിഷറുമായ സുനീല്‍ ഹാലി, പ്രസ്ട്രസ്റ് ഓഫ് ഇന്ത്യ (പിടിഐ) യുഎസ് കറസ്പോണ്ടന്റ് ലളിത് കെ.ഝാ, സ്പോണ്‍സേഴ്സ്, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍, കോര്‍പറേറ്റ് ലീഡേഴ്സ്, ഐഎപിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, നാഷ്ണല്‍ ഡയറക്ടേഴ്സ്, ബോര്‍ഡ് ഓഫ്ട്രസ്റീസ് തുടങ്ങിയവര്‍ ഭദ്രദീപം തെളിയിച്ചു.

പ്രവാസി സമൂഹത്തിന്റെ ഒരു പരിഛേദം തന്നെ പ്രസ്ക്ളബിന്റെ ചരിത്രപരമായ തുടക്കത്തിനു സാക്ഷിയാകാന്‍ എത്തിയിരുന്നു. യുഎസിലെ ഇന്‍ഡ്യന്‍ മാധ്യമലോകം ഇതുവരെ കാണാത്ത ജനപങ്കാളിത്തം കൊണ്ടു ഐഎപിസി ഉദ്ഘാടനച്ചടങ്ങ് ശ്രദ്ധേയമായി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് പത്രപ്രവര്‍ത്തകരടക്കമുള്ളവരുടെ സാന്നിധ്യം പ്രസ്ക്ളബിന്റെ ജനപിന്തുണ വിളിച്ചോതുന്നതായിരുന്നു. ഇന്‍ഫോമ്ട് ആക്ഷന്‍ പ്രമോട്ടേഴ്സ് ചേയ്ഞ്ച് എന്നതാണ് ഐഎപിസിയുടെ മുദ്രാവാക്യം.

വിജയകരമായ തന്റെ കോര്‍പറേറ്റ് ജോലി ഉപേക്ഷിച്ച് സിനിമയ മീഡിയ എന്ന വന്‍ മാധ്യമ സാമ്രാജ്യം സ്ഥാപിച്ച സുനീല്‍ ഹാലി പ്രചോദനാത്മകമായ ഉദ്ഘാടന പ്രസംഗമാണ് നടത്തിയത്. അസാധാരണ വ്യക്തികളായ മാധ്യമപ്രവര്‍ത്തകര്‍ മാനുഷിക മൂല്യങ്ങള്‍ക്കായി ജീവിതം ഉഴിച്ചുവച്ച് സമൂഹത്തിന്റെ മനസാക്ഷിയായി പ്രവര്‍ത്തിക്കുന്നവരാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

മാധ്യമങ്ങളുടെ പ്രധാന്യത്തെക്കുറിച്ചും അതില്‍ ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബിന്റെ പ്രസക്തി ചൂണ്ടിക്കാണിച്ചുകൊണ്ടുമാണ് ലളിത് ത്സാ തന്റെ മുഖ്യപ്രഭാഷണം ആരംഭിച്ചത്. 'മാധ്യമപ്രവര്‍ത്തകര്‍ സമൂഹത്തിന്റെ കാവല്‍ നായ്ക്കളാണ്. പ്രശ്നങ്ങള്‍, അപകടങ്ങള്‍, കണ്ടുപിടുത്തങ്ങള്‍, സമൂഹത്തിന്റെ അഭിമാനകരമായ നേട്ടങ്ങള്‍ എന്നിവ നമ്മളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതു കൊണ്ടു തന്നെ നമ്മള്‍ ഈ സമൂഹത്തിന്റെ ശബ്ദമാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പക്ഷേ, നമ്മുടെ ശബ്ദം ആരാണ്. നമ്മുക്ക് അത്തരത്തിലുള്ള ഒരുസഹായം ആവശ്യമാണ്. പത്രപ്രവര്‍ത്തകരുടെ ഉന്നതനിലവാരം പരിപാലിക്കുന്നതിനൊപ്പം തന്നെ ഇന്‍ഡോ അമേരിക്കന്‍ പത്രപ്രവര്‍ത്തരുടെ അടിസ്ഥാന അവകാശങ്ങളും അന്തസും കാത്തുസൂക്ഷിക്കുന്നുണ്െടന്നു ഉറപ്പുവരുത്തേണ്ടതുണ്ട്. പുതിയ പത്രപ്രവര്‍ത്തകര്‍ക്ക് മാര്‍ഗദര്‍ശിയായി പ്രവര്‍ത്തിക്കാനും കഴിയണം. ഇതിനെല്ലാം ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബിന് വലിയ പങ്കുവഹിക്കാനുണ്ട്' അദ്ദേഹം പറഞ്ഞു.

പ്രസ്ക്ളബിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും അത് സ്ഥാപിക്കാനുണ്ടായ കാരണങ്ങളെക്കുറിച്ചും ഐഎപിസി പ്രസിഡന്റ് അജയ് ഘോഷ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ വിശദീകരിച്ചു. അമേരിക്കയിലെ ഇന്ത്യക്കാരായ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു പൊതുവേദി എന്ന മഹത്തായ ആശയം മാസങ്ങള്‍ നീണ്ട ആലോചനകള്‍ക്കു ശേഷം ഐഎപിസി ആയി രൂപപ്പെടുകയായിരുന്നു. ഇതിലൂടെ രാജ്യത്താകമാനമുള്ള പത്രപ്രവര്‍ത്തകരുടെ പരസ്പര സഹകരണം വളര്‍ത്തിയെടുക്കാനും ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. സമൂഹത്തോട് ഉത്തരവാദിത്വവും വളരയധികം കഴിവും പരിചയ സമ്പത്തുമുള്ളവരാണ് ഐഎപിസി അംഗങ്ങള്‍. അവരുടെ ഈ പ്രതിബന്ധതയുടെ ഭാഗമായാണ് ഐഎപിസി എന്ന സംഘടന രൂപം കൊണ്ടതു തന്നെ. ഇതിലൂടെ പത്രപ്രവര്‍ത്തകരുടെ ജോലിസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനും അംഗങ്ങള്‍ക്കും ലോകമെങ്ങുമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും പരിശീലനം ലഭ്യമാക്കാനും ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവര്‍ത്തന സാഹചര്യം മെച്ചപ്പെടുത്തിക്കൊണ്ടു രാജ്യമാകെയുള്ള പത്രപ്രവര്‍ത്തകരുടെ സഹകരണം ഉറപ്പാക്കുകയാണ് പ്രസ്ക്ളബുകൊണ്ടു ലക്ഷ്യമിടുന്നതെന്നു ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍ ജിന്‍സ്മോന്‍ സക്കറിയ പറഞ്ഞു. ഐഎപിസിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്‍ഡോ അമേരിക്കന്‍ പത്രപ്രവര്‍ത്തകരുടെ ശബ്ദമാകുകയെന്നതാണ് ഐഎപിസിയുടെ ആപ്തവാക്യമെന്നും അദ്ദേഹം പറഞ്ഞു.

നീതിയുക്തവും സമത്വസുന്ദരവുമായ ലോകം കെട്ടിപ്പെടുക്കുവാനുള്ള ശ്രമത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ സഹകരിച്ചു പ്രവര്‍ത്തിക്കുകയെന്നതാണ് സംഘടനയുടെ മറ്റൊരു പ്രധാന ദൌത്യമെന്ന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫാ. ജോണ്‍സണ്‍ പുഞ്ചകോണം പറഞ്ഞു.

നോര്‍ത്ത് അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകര്‍, ഫ്രീലാന്‍സേഴ്സ്, മാധ്യമങ്ങളുമായി സഹകരിക്കുന്നവര്‍ എന്നിവരുടെ കൂട്ടായ്മയാണ് ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബെന്ന് സംഘടനയ്ക്ക് ഊര്‍ജം പകര്‍ന്ന എക്സിക്യൂട്ടീവ് സെക്രട്ടറി വിനീത നായര്‍ തന്റെ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. 'ഇതുവരെ നമ്മുടെ നേട്ടങ്ങളും പ്രശ്നങ്ങളും വെല്ലുവിളികളും ചര്‍ച്ച ചെയ്യാന്‍ ഇടമില്ലായിരുന്നു. ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബിന്റെ രൂപീകരണത്തോടെ അതു സാധ്യമായി ' വിനീത നായര്‍ പറഞ്ഞു.

വൈസ് പ്രസിഡന്റ് ജില്ലി സാമൂവേല്‍ നേതൃത്വം നല്‍കിയ സംഘാടക സമ്മേളനത്തില്‍ പ്രസ്ക്ളബിന്റെ അടുത്ത ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. തുടര്‍ന്നു നടന്ന സെമിനാറില്‍ മാധ്യമപ്രവര്‍ത്തകര്‍ അറിഞ്ഞിരിക്കേണ്ട അത്യന്താപേഷിതമായ റിസ്ക് ഫാക്ടേഴ്സ് എന്തെല്ലാമാണെന്നും അവയ്ക്കുള്ള പരിഹാരമാര്‍ഗങ്ങളും വൈസ്പ്രസിഡന്റ് ഈശോ ജേക്കബ് വിശദീകരിച്ചു. ജേര്‍ണലിസം റിസ്ക്് മാനേജ്മെന്റ് എന്ന വിഷയത്തില്‍ പവര്‍പോയിന്റ്െ പ്രസന്റേഷനും നടത്തി.

തുടര്‍ന്ന് ആര്‍ട്ട് ഓഫ് ഫോട്ടോ ഡോക്യുമെന്ററി എന്ന വിഷയത്തില്‍ നിരവധി ഫോട്ടോഗ്രാഫി ബുക്കുകളുടെ രചയിതാവായ ഡാരില്‍ ഹോക്ക് ക്ളാസെടുത്തു. ഫോട്ടോഗ്രാഫി ശൈലി, ഫിലോസഫി, വിവിധ ടെക്നിക്കുകള്‍ എന്നിവയെക്കുറിച്ചു ഹോക്ക് വിശദീകരിച്ചു. ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ടെ ഉപകരണങ്ങളെക്കുറിച്ചും ലൈറ്റിംഗ്, ലൊക്കേഷന്‍ എന്നിവയെക്കുറിച്ചും അദ്ദേഹം വിവരിച്ചു. മാധ്യമലോകത്തുള്ള എല്ലാവര്‍ക്കും ഏറെ ഉപകാരപ്പെടുന്നതാണ് ഹോക്കിന്റെ ക്ളാസെന്ന് ഫോട്ടോഗ്രാഫി വര്‍ക്ക്ഷോപ്പ് കോഓര്‍ഡിനേറ്റര്‍ രാജശ്രീ പിന്റോ പറഞ്ഞു.

അടുത്തതലമുറയിലെ പത്രപ്രവര്‍ത്തകര്‍ക്ക് ഇത്തരമൊരു ഊര്‍ജ്ജസ്വലമായ സംഘടന ആവശ്യമാണെന്നു പരിപാടിയുടെ എംസിമാരായി പ്രവര്‍ത്തിച്ച മിനി നായരും റോഷി ജോര്‍ജും പറഞ്ഞു.

ചടങ്ങില്‍ ഇന്‍ഡസ് അമേരിക്ക ബാങ്ക് വൈസ് പ്രസിഡന്റ് ദിനേശ് ഗോസ്വാമി, ഇന്‍ഡോ അമേരിക്കന്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍, ഗവണ്‍മെ ന്ട് അഫേഴ്സ് ഡയറക്ടര്‍ ചിരാഗ് ഷാ, ഏഷ്യന്‍ അമേരിക്കന്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍, ഐ എന്‍ ഒ സി നാഷണല്‍ ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം, കൈരളി ദിനപത്രത്തിന്റെപത്രാധിപര്‍ ജോസ് തയ്യില്‍, നാമം പ്രസിഡന്റ് മാധവന്‍ ബി. നായര്‍, ശാന്തിഗ്രാം ആയുര്‍വേദ പ്രസിഡന്റ് ഡോ. ഗോപിനാഥന്‍ നായര്‍, , ഫൊക്കാന, ഫോമാ പ്രതിനിധികള്‍, ജോര്‍ജ് കുട്ടി, റോയി എണ്ണശേരില്‍, ജോണ്‍ പോള്‍ , ഡോ. ജോസ് കാനാട്ട്, ഡൊമനിക് ച ക്കോനല്‍ , ഡയസ് ദാമോദരന്‍, ബോബ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജോയി ചെമ്മാച്ചേല്‍, ഫെലിക്സ് സൈമണ്‍, ജാക്ക് പൂല, കാഞ്ചന പൂല, ഡോ സഞ്ജയ് ജെയിന്‍ , ഡോ സീമ ജെയിന്‍, ഡോ തോമസ് ആലപ്പാട്ട്തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. പ്രമുഖ പബ്ളിക്ക് റിലേഷന്‍ ഓഫീസറായ ആന്റി ഭാട്യ നറുക്കെടുപ്പു നടത്തി ന്യൂഡല്‍ഹിയിലെ കൈരളി ഹെല്‍ത്ത് റിസോര്‍ട്ടിന്റെ സമ്മാനം അജയ് ഘോഷിനു നല്‍കി. ഐഎപിസി ട്രഷറര്‍ രാജശ്രീ പിന്റോ നന്ദി പറഞ്ഞു.

പ്രശസ്ത ഗായിക സുമ നായരുടെ ഗാനമേളയും നടന്നു. ഉദ്ഘാടനച്ചടങ്ങിനു ശേഷം നടന്ന വിഭവ സമൃദ്ധമായ ഡിന്നറോടെ ചടങ്ങുകള്‍ അവസാനിച്ചു.