നെപ്പോളിയന്റെ തൊപ്പി 1.9 മില്യന്‍ യൂറോയ്ക്ക് ലേലം ചെയ്തു
Monday, November 17, 2014 10:17 AM IST
പാരീസ്: നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ അതി പ്രശസ്തമായ തൊപ്പികളിലൊന്ന് 1.9 മില്യന്‍ യൂറോയ്ക്ക് ലേലം ചെയ്തു. ഒരു കൊറിയക്കാരനാണ് ഈ ടോ പോയിന്റഡ് ഹാറ്റ് സ്വന്തമാക്കിയിരിക്കുന്നത്.

ഇത്തരത്തില്‍ 19 ഹാറ്റുകളാണ് മൊണാക്കോയിലെ ഗ്രിമാല്‍ഡി കുടുംബത്തിന്റെ പക്കല്‍ ഉണ്ടായിരുന്നത്. ഇപ്പോഴിതില്‍ ചുരുക്കം ഹാറ്റുകള്‍ സ്വകാര്യ വ്യക്തികളുടെ പക്കലാണ്. ബാക്കി ഏറെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പ്രതീക്ഷിച്ചതിന്റെ അഞ്ച് മടങ്ങ് വില ഇപ്പോള്‍ ഇതിനു കിട്ടിയിരിക്കുന്നത്. മൂന്നു ലക്ഷം മുതല്‍ നാലു ലക്ഷം വരെ യൂറോ മാത്രമാണ് പ്രതീക്ഷിച്ചിരുന്നത്. ഹാറ്റിനൊപ്പം ഒരു ജോടി സ്റ്റോക്കിങ്സ്, ഒരു സ്കാര്‍ഫ്, ഒരു ഷര്‍ട്ട് എന്നിവയും ലേലം ചെയ്തു.

ഹാറ്റ് സ്വന്തമാക്കിയ ആളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഫ്രഞ്ച് ഹാറ്റ് നിര്‍മാതാക്കളായ പൌപാര്‍ഡ് ആണ് ഈ ഹാറ്റുകള്‍ നിര്‍മിച്ചിരുന്നത്. പോയിന്റുകള്‍ മുന്നോട്ടും പിന്നോട്ടും വരുന്ന വിധത്തിലാണ് മറ്റുള്ളവര്‍ ഇതു ധരിച്ചിരുന്നതെങ്കില്‍, നെപ്പോളിയന്‍ ധരിച്ചിരുന്നത് പോയിന്റുകള്‍ വശങ്ങളിലേക്കു വരുന്ന വിധത്തിലാണ്. യുദ്ധമുന്നണിയിലും മറ്റും അദ്ദേഹം പെട്ടെന്നു തിരിച്ചറിയപ്പെടാന്‍ ഇതു കാരണമായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍