അശ്ളീലം നിയന്ത്രിക്കാന്‍ ജര്‍മനിയില്‍ നിയമം കര്‍ക്കശമാക്കി
Monday, November 17, 2014 10:17 AM IST
ബര്‍ലിന്‍: കുട്ടികളെയും ചെറുപ്പക്കാരെയും നഗ്നചിത്രങ്ങള്‍ അടക്കമുള്ള അശ്ളീലങ്ങളില്‍നിന്ന് കൂടുതല്‍ ഫലപ്രദമായി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജര്‍മനി നിയമ ഭേദഗതി പാസാക്കി. എന്നാല്‍, ഉദ്ദേശിച്ച കാര്‍ക്കശ്യം നിയമത്തിനില്ലെന്നും ആരോപണം ഉയരുന്നു.

ജര്‍മന്‍ പാര്‍ലമെന്റില്‍ നിയമ മന്ത്രി ഹെയ്കോ മാസ് അവതരിപ്പിച്ച ഭേദഗതികള്‍ നിയമ വിദഗ്ധരുടെയും എംപിമാരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ച് മയപ്പെടുത്തുകയായിരുന്നു. കുട്ടികളുടെ നഗ്നചിത്രം പകര്‍ത്തുകയോ വില്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ ഇതില്‍ വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ചെറുപ്പത്തില്‍ നേരിട്ട ലൈംഗിക പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള കാലയളവ് ഇരുപതു വര്‍ഷമായി ദീര്‍ഘിപ്പിക്കുകയും ചെയ്യുന്നു. ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ കുട്ടികളെ സമീപിക്കുന്നതു തന്നെ കുറ്റകരമാക്കുന്നു.

കുട്ടികള്‍ നഗ്നരായി സ്വിമ്മിംഗ് പൂളില്‍ കിടക്കുന്ന ചിത്രം മാതാപിതാക്കള്‍ പ്രസിദ്ധീകരിച്ചാലും കുറ്റകരമാക്കുന്നത് അടക്കം അതികഠിനമായ വ്യവസ്ഥകളാണ് തുടക്കത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ഇത്തരം വിവാദ നിര്‍ദേശങ്ങള്‍ ഒഴിവാക്കിയാണ് നിയമം പാസാക്കിയിരിക്കുന്നത്.

ഇതോടെ ബാല ലൈംഗിക കേസില്‍ വിവാദ നായകനായിരിക്കുന്ന മുന്‍ പാര്‍ലമെന്റ് അംഗവും പാതി മലയാളിയുമായ സെബാസ്റ്യന്‍ ഇടാത്തിക്ക് നിയമം ഇടിത്തീയാവും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍