ഖാദിം വീസ മാറ്റം തിങ്കളാഴ്ച അവസാനിക്കും
Monday, November 17, 2014 7:43 AM IST
കുവൈറ്റ് : ഖാദിം വീസ തൊഴില്‍ വീസയിലേക്ക് മറ്റുന്നതിന് ആഭ്യന്തര മന്ത്രാലയം നല്‍കിയിരുന്ന അനുവാദം തിങ്കളാഴ്ച അവസാനിക്കുമെന്ന് മാന്‍പവര്‍ പബ്ളിക് അഥോറിറ്റി ഡയറക്ടര്‍ ജമാല്‍ അല്‍ദൂസരി അറിയിച്ചു.

മൂന്നു മാസത്തിനിടെ 12,000ത്തിലധികം പേരാണ് ഗാര്‍ഹിക വീസയില്‍നിന്ന് തൊഴില്‍ വീസയിലേക്ക് മാറിയത്. ഇതോടെ, പ്രാദേശിക വിപണിയിലെ തൊഴിലാളി ആവശ്യം ഏറക്കുറെ നിറവേറ്റപ്പെട്ടതായി അല്‍ദൂസരി പറഞ്ഞു. അതിനിടെ, ഗാര്‍ഹിക വീസക്കാര്‍ നിയമം ലംഘിച്ച് പുറത്ത് ജോലിചെയ്യുന്നത് പിടികൂടാന്‍ പരിശോധന ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഗാര്‍ഹിക ജോലിക്കാരെ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലും ഇവര്‍ പരിശോധന നടത്തും. ഇതിനായി, ആഭ്യന്തര മന്ത്രാലയത്തിലെ പാസ്പോര്‍ട്ട്, പൌരത്വകാര്യ അസിസ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ മാസിന്‍ ജര്‍റാഹ് അസബാഹിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധക ഗ്രൂപ്പുകള്‍ക്ക് രൂപംനല്‍കിയിട്ടുണ്ട്. പരിശോധനകളില്‍ പിടിയിലാവുന്ന നിയമ ലംഘകരെ ഉടന്‍ നാടുകടത്താനാണ് തീരുമാനം. ഈ ആഴ്ച തന്നെ പരിശോധനകള്‍ക്ക് തുടക്കംകുറിക്കും.

പ്രധാനമന്ത്രി ഷേയ്ഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസബാഹ്, ആഭ്യന്തര മന്ത്രി ഷേയ്ഖ് ഖാലിദ് അല്‍ഹമദ് അസബാഹ് എന്നിവരുടെ നിര്‍ദേശപ്രകാരം ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ ഫഹദ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍