ചുംബന സമരം സദാചാര ഗുണ്ടായിസത്തിനെതിരെയുള്ള യുവത്വത്തിന്റെ പ്രതീകാത്മക പ്രതിഷേധം: എം. ജി. രാധാകൃഷ്ണന്‍
Saturday, November 15, 2014 7:04 AM IST
ഡാളസ്: കേരളത്തിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ചുംബന സമരം സദാചാര ഗുണ്ടായിസത്തിനെതിരെ യുവത്വത്തിന്റെ പ്രതീകാത്മക പ്രതിഷേധമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററും പ്രമുഖ പത്രപ്രവര്‍ത്തകനുമായ എം. ജി. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. അധികാരികളുടെ നിഷേധാത്മക സമീപനത്തിനെതിരെ യുവജനങ്ങള്‍ പുതിയ സമര മാര്‍ഗം കണ്െടത്തിയെങ്കില്‍ അതില്‍ അവരെ കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക ഏര്‍പ്പെടുത്തിയ മാധ്യമശ്രീ പുരസ്കാരം ഏറ്റുവാങ്ങാന്‍ അമേരിക്കയിലെത്തിയ എം. ജി. രാധാകൃഷ്ണന്‍, ഡാളസ് കേരള അസോസിയേഷനും ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു.

നവംബര്‍ 14 വെളളിയാഴ്ച വൈകിട്ട് ഏഴിന് അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ അതിശക്തമായ തണുപ്പിനെ പോലും അവഗണിച്ചു നിരവധി മെംബര്‍മാര്‍ പങ്കെടുത്തു. കേരള അസോസിയേഷന്‍ പ്രസിഡന്റ് ബാബു സി. മാത്യു സ്വാഗതമാശംസിച്ചു. മുഖ്യാതിഥി സദസിന് പരിചയപ്പെടുത്തിയ ഐവര്‍ഗീസ് എം. ജി. രാധാകൃഷ്ണന്റെ പിതാവ് എം. ഗോവിന്ദന്‍ പിളളയുമായുളള ചിരകാല ബന്ധത്തെക്കുറിച്ച് പരാമര്‍ശിച്ചു. തുടര്‍ന്ന് നടന്ന ചോദ്യോത്തര വേളയില്‍ ബാബു മാത്യു, അനുപ സാം, സണ്ണി മാളിയേക്കല്‍, മീന മാത്യു എന്നിവരുടെ സംശയങ്ങള്‍ക്ക് എം.ജി.ആര്‍ മറുപടി നല്‍കി. അസോസിയേഷന്‍ സെക്രട്ടറി റോയ് കൊടുവത്ത് നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍