ശരീരം തളര്‍ന്ന കുട്ടിക്ക് നവോദയയുടെ ചികിത്സാ സഹായം
Friday, November 14, 2014 10:09 AM IST
റിയാദ്: ശരീരത്തിന്റെ ഒരുഭാഗം മുഴുവന്‍ തളര്‍ന്ന കുട്ടിയുടെ ചികിത്സക്കായി ബുദ്ധിമുട്ടിയിരുന്ന കുടുംബത്തിന് ആശ്വാസവുമായി നവോദയ റിയാദ്. നവോദയയുടെ മലാസ് യൂണിറ്റ് പ്രവര്‍ത്തകര്‍ സ്വരൂപിച്ച 10,100 റിയാല്‍ മലാസില്‍ നടന്ന ചടങ്ങില്‍ നവോദയ പ്രസിഡന്റ് രതീഷ് കുട്ടിയുടെ രക്ഷിതാവിന് കൈമാറി.

റിയാദ് മലാസില്‍ മേസന്‍ ജോലി ചെയ്തുവരുന്ന തിരുവനന്തപുരം, പാറശാല സ്വദേശിയായ കോലപ്പന്‍ രാജന്റെ ആറു വയസുള്ള മകന്‍ അര്‍ഷിദ് രണ്ടുവര്‍ഷം മുമ്പാണ് പക്ഷാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്ന് കിടപ്പിലായത്. തുടക്കത്തില്‍ ഇടത് കൈയും കാലും തളരുകയും പിന്നീട് ശരീരത്തിന്റെ ഇടതുഭാഗം പൂര്‍ണമായും പ്രവര്‍ത്തനരഹിതമാവുകയുമായിരുന്നു. ആദ്യം കസേരയില്‍ പരസഹായത്തോടെ ഇരിക്കാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ പൂര്‍ണമായും കിടപ്പിലാണ്. തിരുവനന്തപുരം എസ്എടിയില്‍ രണ്ട് വര്‍ഷം ചികിത്സിച്ചെങ്കിലും പ്രത്യേകിച്ചൊരു പുരോഗതിയും ഉണ്ടായില്ല. ഇപ്പോള്‍ പാറശാലയിലെ ഒരു സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.

പൂര്‍ത്തിയാകാത്ത രണ്ട് റൂമുകള്‍ മാത്രമുള്ള വീട്ടിലാണ് രണ്ട് കുട്ടികളും ഭാര്യയും അടങ്ങുന്ന രാജന്റെ കുടുംബം താമസിക്കുന്നത്. മരുന്നുകള്‍ക്ക് ഭീമമായ തുക വേണ്ടി വരുന്നുണ്ട്. തുഛമായ വരുമാനം മാത്രമുള്ള രാജന് വീട്ട് ചെലവുകള്‍ക്ക് പുറമെ കുട്ടിയുടെ ചികിത്സക്കുവേണ്ടിയുള്ള തുക കണ്െടത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഈ അവസ്ഥയിലാണ് നവോദയയുടെ മലാസ് യൂണിറ്റ് അംഗം കൂടിയായ രാജനെ സഹായിക്കാന്‍ നവോദയ പ്രവര്‍ത്തകര്‍ മുന്‍കൈ എടുത്തത്.

ഫണ്ട് കൈമാറല്‍ ചടങ്ങില്‍ നവോദയ മലാസ് യൂണിറ്റ് ഭാരവാഹികളായ ലത്തീഫ്, സുരേഷ്, അജിത്ത്, വിജയന്‍, ആന്റണി എന്നിവരും കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അന്‍വാസ്, കുമിള്‍ സുധീര്‍, ബാലകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍