സീറോ മലബാര്‍ ഓസ്ട്രേലിയന്‍ രൂപതയുടെ മതാധ്യാപക പരിശീലന പരിപാടി സമാപിച്ചു
Friday, November 14, 2014 10:07 AM IST
കാന്‍ബറ: സീറോ മലബാര്‍ ഓസ്ട്രേലിയന്‍ രൂപതയുടെ നേതൃത്വത്തില്‍ ഓസ്ട്രേലിയയുടെ ഏഴു കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച മതാധ്യാപക പരിശീലന പരിപാടി സമാപിച്ചു.

പെര്‍ത്ത്, അഡ്ലൈഡ്, മെല്‍ബണ്‍, സിഡ്നി, കാന്‍ബറ, ബ്രിസ്ബന്‍, ഡാര്‍വിന്‍ എന്നിവടങ്ങളിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നത്. സീറോ മലബാര്‍ സഭാ മതബോധന കമ്മീഷന്‍ സെക്രട്ടറി ഫാ. ജോര്‍ജ് ദാനവേലില്‍ ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കി. സഭയുടെ പ്രധാന അജപാലന ദൌത്യമായ മതബോധനത്തെക്കുറിച്ച് വിശ്വാസ പരിശീലകരില്‍ ശരിയായ അവബോധം ഉണ്ടാക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. വിശ്വാസ പരിശീലനം ഓസ്ട്രേലിയന്‍ പശ്ചാത്തലത്തില്‍, കത്തോലിക്കാ സഭയില്‍ മതബോധനത്തിനും മതാധ്യാപകര്‍ക്കും ഉള്ള പങ്ക്, രക്ഷയുടെ പാതയില്‍ എന്ന മതബോധന പുസ്തകങ്ങളെപറ്റിയുള്ള പഠനം, മാതൃക ക്ളാസുകള്‍ എന്നിവയും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

വിവിധ സ്ഥലങ്ങളില്‍ നടന്ന പരിശീലന പരിപാടികളില്‍ രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, രൂപത മതബോധന വിഭാഗം ഡയറക്ടര്‍ ഫാ. വര്‍ഗീസ് വാവോലില്‍, ഫാ.വര്‍ഗീസ് പാറക്കല്‍, ഫാ. ഫ്രെഡി ഇലവത്തിങ്കല്‍, ഫാ. തോമസ് ആലുക്കാ, ഫാ. പീറ്റര്‍ കാവുംപുറം, ഫാ. ബിനേഷ് നരിമറ്റം, രൂപത സണ്‍ഡേ സ്കൂള്‍ സെക്രട്ടറി മാര്‍ട്ടിന്‍ തിരുനിലം എന്നിവര്‍ നേതൃത്വം നല്‍കി. രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂരിന്റെ നിര്‍ദേശ പ്രകാരം നടത്തിയ പരിശീലപരിപാടിയില്‍ 300ലേറെ മതാധ്യാപകര്‍ പങ്കെടുത്തു. പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും രൂപത മതബോധന വിഭാഗം ഡയറക്ടര്‍ ഫാ. വര്‍ഗീസ് വാവോലില്‍, സെക്രട്ടറി മാര്‍ട്ടിന്‍ തിരുനിലം എന്നിവര്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ജോമി പുലവേലില്‍