ജര്‍മന്‍ മീഡിയ വമ്പന്‍ മിഡല്‍ഹോഫിന് മൂന്നു വര്‍ഷം തടവ്
Friday, November 14, 2014 10:06 AM IST
ബര്‍ലിന്‍: ജര്‍മന്‍ മാധ്യമരംഗത്തെ അതികായനായ തോമസ് മിഡല്‍ഹോഫിന് (61) മൂന്നു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ജര്‍മന്‍ മാധ്യമരംഗത്തെയും വിതരണരംഗത്തെയും നിറസാന്നിധ്യമായ ബാര്‍ട്ടല്‍സ്മാന്‍, അര്‍ക്കന്റോര്‍ കമ്പനിയുടെ മുന്‍ സിഇഒ ആയ തോമസ് മിഡല്‍ഹോഫിനെയാണ് എസന്‍ പ്രാദേശിക കോടതി മൂന്നു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. നികുതി വെട്ടിപ്പ് കണ്ടെത്തുകയും അതിനെ തുടര്‍ന്നുള്ള അന്വേഷണവുമാണ് മിഡല്‍ഹോഫിലെ കാരാഗൃഹത്തില്‍ എത്തിച്ചത്.

അര്‍ക്കന്റോര്‍ കമ്പനിയുടെ തലപ്പത്തിരിക്കുമ്പോള്‍ മിഡല്‍ഹോഫ് എട്ടു ലക്ഷം യൂറോ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ കുറ്റം തെളിയിക്കപ്പെട്ടതോടെയാണ് കോടതി തടവിന് വിധിച്ചത്. നിലവില്‍ അര്‍ക്കന്റോര്‍ കമ്പനി പാപ്പരാണ്.വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് അദ്ദേഹത്തിന്റെ വക്കീല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍