സ്ഥാനാര്‍ഥികളുടെ ഇലക്ഷന്‍ ചെലവ് സര്‍ക്കാര്‍ വഹിക്കണം: എന്‍.കെ പ്രേമചന്ദ്രന്‍
Friday, November 14, 2014 5:54 AM IST
ന്യൂയോര്‍ക്ക്: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ഇലക്ഷന്‍ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് മുന്‍ മന്ത്രിയും എം.പിയുമായ എന്‍.കെ പ്രേമചന്ദ്രന്‍. അഴിമതി ഇല്ലാതാക്കാന്‍ ഒരു പരിധിവരെ ഇത് സഹായകരമാകും. ഇലക്ഷന്‍ സമയത്ത് കൊടുക്കുന്ന സമ്മാനങ്ങളും, ഇലക്ഷന്‍ ഫണ്ടിലേക്കുള്ള ഡൊണേഷനുകളും വിജയിച്ചശേഷം ഇവരെ അഴിമതി ചെയ്യിക്കുവാന്‍ പ്രേരിപ്പിക്കും. തെരഞ്ഞെടുപ്പ് ചെലവ് ഗവണ്‍മെന്റ് വഹിക്കുകയാണെങ്കില്‍ ഇത് ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിയും.

ഒത്തൊരുമിച്ച് കോണ്‍ഗ്രസിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് നല്ലത്. ഇപ്പോള്‍ ഒരു നല്ല പ്രതിപക്ഷമില്ല. മിക്ക ഭരണാധികാരികളും ഏകാധിപതികളാകാനുള്ള സാധ്യതയുള്ളതിനാല്‍ ഒരു നല്ല പ്രതിപക്ഷം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോഡിയുടെ ഭരണത്തില്‍ ഇതുവരെ ആശങ്കപ്പെടുവാന്‍ ഒന്നുമില്ല. കഴിഞ്ഞ ഗവണ്‍മെന്റിന്റെ പദ്ധതികള്‍ പുതിയ രൂപത്തില്‍ പ്രഖ്യാപിക്കുക മാത്രമാണ് ചെയ്യുന്നത്.

2004 മുതല്‍ താന്‍ ഫൊക്കാനാ സമ്മേളനത്തില്‍ സംബന്ധിക്കുന്നതാണെന്നും, ഫൊക്കാന പിളര്‍ന്നതില്‍ ദുഖമുണ്െടന്നും അദ്ദേഹം പറഞ്ഞു. രണ്ട് സംഘടകളും ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് നടന്ന ചോദ്യോത്തരവേളയില്‍ വിവിധ സാമൂഹികരാഷ്ട്രീയ വിഷയങ്ങളില്‍ സദസിന്റെ ചോദ്യങ്ങള്‍ക്ക് പ്രേമചന്ദ്രന്‍ മറുപടി നല്‍കി.

വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രേമചന്ദ്രന്‍. ശ്രീകുമാര്‍ ഉണ്ണിത്താന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫൊക്കാനാ ട്രഷറര്‍ ജോയി ഇട്ടന്‍ സ്വാഗതം ആശംസിച്ചു. ഡോ. എ.കെ.ബി പിള്ള, ഫൊക്കാനാ വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ടെറന്‍സണ്‍ തോമസ്, ഗണേഷ് നായര്‍, കെ.കെ. ജോണ്‍സണ്‍, ജോണ്‍ ഐസക്ക്, ഇന്നസെന്റ് ഉലഹന്നാന്‍, ജോര്‍ജ് പാടിയേടത്ത്, കുര്യാക്കോസ് തര്യന്‍, അലക്സ് ഏബ്രഹാം എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ജോയി ഇട്ടന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി ജനാര്‍ദ്ദനന്‍ ഗോവിന്ദന്‍ കൃതജ്ഞത അറിയിച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍