ഡോ. എം.ആര്‍. രാജഗോപാലിനെ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് അവാര്‍ഡ് നല്‍കി ആദരിച്ചു
Friday, November 14, 2014 5:41 AM IST
കാലിഫോര്‍ണിയ: പാലിയം ഇന്ത്യ ചെയര്‍മാന്‍ ഡോ. എം.ആര്‍. രാജഗോപാലിന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച്, മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രത്യേകം ഏര്‍പ്പെടുത്തിയിരുന്ന അലിസണ്‍ ഫോര്‍ജ് അവാര്‍ഡ് നല്‍കി ആദരിച്ചു.

വോയ്സസ് ഫോര്‍ ജസ്റ്റിസാണ് അവാര്‍ഡ് ദാനസമ്മേളനം സംഘടിപ്പിച്ചത്. നവംബര്‍ 11 ന് (ചൊവ്വ) കലിഫോര്‍ണിയ സാന്റാ ബാര്‍ബരാ ഫെസ് പാര്‍ക്കേഴ്സ് ഡബിള്‍ ട്രീ റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ ഹ്യൂമന്‍ റൈറ്റ്സ് പ്രതിനിധി ഡൈ ഡെറിക്ക് ലോഹ്മാന്‍ ഡോ. എം. ആര്‍. ജിയെ സദസിന് പരിചയപ്പെടുത്തി. കാലിഫോര്‍ണിയ സെനറ്റ് അംഗം മിസ് ഹന്നാ ബെത്ത് സംസ്ഥാനത്തെ പ്രതിനിധീകരിച്ചു പ്രത്യേക പ്രശംസാ പത്രം നല്‍കി.

കഴിഞ്ഞ 20 വര്‍ഷമായി പാലിയേറ്റീവ് കെയര്‍ പദ്ധതിയിലൂടെ ഇന്ത്യയിലെ ലക്ഷക്കണക്കിന് കാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെ കഠിന വേദന അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമരുളാന്‍ ഡോ. രാജഗോപാല്‍ നടത്തിയ ശ്രമങ്ങളെ പ്രത്യേകം അഭിനന്ദിച്ചു.

മെഡിക്കല്‍ വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ തന്നെ കാന്‍സര്‍ രോഗികള്‍ അനുഭവിക്കുന്ന കഠിനമായ വേദനയുടെ ആഴം മനസിലാക്കാന്‍ കഴിഞ്ഞതാണ് അനസ്തേഷ്യയോളജി തെരഞ്ഞെടുക്കുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് മറുപടി പ്രസംഗത്തില്‍ ഡോ. എംആര്‍ജി പറഞ്ഞു. തന്റെ എളിയ പ്രവര്‍ത്തനങ്ങള്‍സക്കു നല്‍കിയ അംഗീകാരത്തിനു ഡോക്ടര്‍ പ്രത്യേകം നന്ദി പറഞ്ഞു. ഇന്ത്യയില്‍ കഠിനമായ രോഗത്തിന്റെ പിടിയില്‍ കഴിയുന്ന ലക്ഷക്കണക്കിന് രോഗികളുടെ വേദനയ്ക്ക് ആശ്വാസം നല്‍കാന്‍ പാലിയം കെയര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏവരുടേയും സഹായ സഹകരണം ഡോ. എം.ആര്‍ രാജഗോപാല്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍