അഭിഷേകാഗ്നി കണ്‍വന്‍ഷനായി ബര്‍മിംഗ്ഹാം ഒരുങ്ങുന്നു
Thursday, November 13, 2014 10:12 AM IST
ബ്രാഡ്ഫോര്‍ഡ്: വിശ്വാസ ഹൃദയങ്ങളില്‍ അഗ്നി അഭിഷേകം ചൊരിയുന്ന ആത്മീയ ഉന്നത തലങ്ങളിലേക്ക് മാനവ ഹൃദയത്തെ ഉയര്‍ത്തുന്ന ദൈവ സ്തുതികളാല്‍ അന്ധകാര ശക്തികളെ ഉന്മൂലനം ചെയ്യുന്ന വചന പ്രഘോഷകന്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ഫാ. സോജി ഓലിക്കലും സംയുക്തമായി നയിക്കുന്ന അഭിഷേകാഗ്നി കണ്‍വന്‍ഷനായി ബര്‍മിംഗ്ഹാം ഒരുങ്ങുന്നു. ഇതാദ്യമായാണ് ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിലും ഫാ. സോജി ഓലിക്കലും സംയുക്തമായി അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ ബര്‍മിംഗ്ഹാമിലെ ബഥേല്‍ സെന്ററില്‍ നയിക്കുന്നത്.

നവവൃന്ദകരായ മാലാഖമാരോട് ചേര്‍ന്ന് ദൈവ സ്തുതികളാല്‍ മുഖരിതമാകുന്ന ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ മാനവസാഗരത്തിന്റെ വിശ്വാസ പ്രഘോഷണ വേദിയില്‍ അത്യത്ഭുതം ദൈവിക മഹത്വങ്ങള്‍ ദര്‍ശനമാകും.

എണ്ണായിരത്തിലധികം വിശ്വാസികള്‍ പങ്കെടുത്ത മാഞ്ചസ്റര്‍ അഭിഷേകാഗ്നി കണ്‍വന്‍ഷനുശേഷം ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ ബര്‍മിംഗ്ഹാമില്‍ അഭിഷേകാഗ്നി കണ്‍വന്‍ഷന് എത്തുമ്പോള്‍ ഈ മഹാ സമുദ്രത്തെ വരവേല്‍ക്കുവാന്‍ കൃത്യമായ ആസൂത്രണങ്ങളാണ് സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നത്.

പ്രീമിയര്‍ ഇന്‍, ട്രാവല്‍ ലോഡ്ജ് തുടങ്ങിയ ബെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ് സ്ഥാപനങ്ങളില്‍ ഡിസംബര്‍ സെയിലില്‍ മുപ്പത് പൌണ്ടിന് താഴെ മുറികള്‍ ലഭ്യമാകുന്നത്, വിദൂര സ്ഥലങ്ങളില്‍നിന്നും വരുന്നവര്‍ക്ക് തലേദിവസം തന്നെ എത്തിച്ചേരുവാന്‍ തുണയാവുകയാണ്. കണ്‍വന്‍ഷന്‍ ഡിസംബര്‍ 13 ന് രാവിലെ എട്ടിന് ആരംഭിച്ച് വൈകുന്നേരം നാലിന് സമാപിക്കും.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം