ഇന്ദിരാഗാന്ധി നവഭാരത ശില്‍പ്പി: മന്ത്രി എ.പി അനില്‍കുമാര്‍
Thursday, November 13, 2014 10:10 AM IST
വിയന്ന: നവഭാരതത്തിന്റെ ശില്‍പ്പിയാണ് ഇന്ദിരാഗാന്ധിയെന്ന് മന്ത്രി എ.പി അനില്‍കുമാര്‍. സര്‍ദാര്‍ വല്ലഭായ് പട്ടേലിനുശേഷം ഇന്ത്യ കണ്ട ഏറ്റവും കരുത്തയായ ഭരണാധികാരിയായിരുന്നു അവര്‍. ഇന്ത്യയുടെ അഖണ്ഡതയ്ക്കുവേ
ണ്ടി ഏതറ്റംവരെ പോകുവാനും അവര്‍ തയാറായിരുന്നു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഓസ്ട്രിയ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനം വിയന്നയിലെ ഇന്ത്യാഗേറ്റില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ടൂറിസം മന്ത്രി.

ഇന്ത്യയുടെ ചരിത്രം നിലനില്‍ക്കുന്നിടത്തോളം കാലം ഇന്ദിരാഗാന്ധിയും അനുസ്മരിക്കപ്പെടുമെന്നും നാല് മന്ത്രിമാര്‍ മറിച്ച് പറഞ്ഞാല്‍ കോടിക്കണക്കിനു
വരുന്ന ഭാരതീയന്റെ ഹൃദയത്തില്‍ നിന്ന് ഇന്ദിരാഗാന്ധിയെ പിഴുതെറിയുവാന്‍ സാധിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇന്ദിരാഗാന്ധിയെ അനുസ്മരിക്കാന്‍ തയാറാകാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാലം മറവിയുടെ ചവിറ്റുകുട്ടയിലേയ്ക്ക് തളളുമെന്ന് ഐഒസി പ്രസിഡന്റ് സിറോജ് ജോര്‍ജ് പള്ളിക്കുന്നേല്‍ അഭിപ്രായപ്പെട്ടു.

കോടിക്കണക്കിന് ദരിദ്ര നാരായണന്മാരുടെ രാജ്യം എന്നറിയപ്പെട്ടിരുന്ന ഇന്ത്യയെ ഭക്ഷ്യ സുരക്ഷയിലൂടെ സ്വയം പര്യാപ്തമാക്കിയ അവരുടെ ഭരണപാടവും വധഭീഷണിയുടെ കാലഘട്ടത്തില്‍ പോലും സുരക്ഷാ ഏജന്‍സികള്‍ തന്റെ സെക്യൂരിറ്റിയില്‍ നിന്ന് പ്രത്യേക വിഭാഗക്കാരെ ഒഴിവാക്കണമെന്ന് പറഞ്ഞിട്ടു കൂടി അതിനു തയാറാകാതെ ഏതു സമുദായക്കാരനായാലും ഭാരതീയന്‍ എന്ന സങ്കല്‍പം മാത്രമേ തനിക്കുള്ളൂവെന്ന് അവസാന ശ്വാസം വരെ ജീവിതം കൊണ്ടു തെളിയിച്ച മഹത് വ്യക്തിയാണ് ഇന്ദിരാഗാന്ധിയെന്ന് പ്രബന്ധം അവതരിപ്പിച്ച് വര്‍ഗീസ് പഞ്ഞിക്കാരന്‍ പറഞ്ഞു.

പ്രവാസി കേരള കോണ്‍ഗ്രസ് പ്രസിഡന്റ് ജോജിമോന്‍ എറണാകോരില്‍ വിയന്ന മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മാത്യൂസ് കിഴക്കേക്കര, സിറിള്‍ മനയാനിപ്പുറത്ത് എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി.

വിയന്നയിലെ ഇന്ത്യാ ഗേറ്റ് റസ്ററന്റില്‍ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനത്തിന് വിനു കളരിത്തറ, ജോളി തുരുത്തുമ്മേല്‍, വിന്‍സന്റ് തടത്തില്‍,ബോബന്‍ അന്തിവീട്, രവി ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍