യുണൈറ്റഡ് ഫോര്‍ ഡയബറ്റിസ് ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കമായി
Thursday, November 13, 2014 8:05 AM IST
റിയാദ്: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് റിയാദിലെ ഷിഫാ അല്‍ജസീറ പോളിക്ളിനിക്ക് സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കമായി. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോര്‍ജ് ഫിലിപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ 'യുണൈറ്റ് ഫോര്‍ ഡയബെറ്റിസ്' പ്രോഗ്രാം സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ക്ളിനിക്കിലെ ഡോക്ടര്‍മാരും സ്റാഫും പങ്കെടുത്ത സ്റേജ് ഷോ ശ്രദ്ധേയമായി. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം പ്രമേഹ ബോധവത്കരണത്തിനായി ഒരുമിക്കുവാനുള്ള സന്ദേശമാണ് ഷോയുടെ പ്രമേയം.

റിയാദ് കെഎംസിസി വനിതാ വിംഗുമായി സഹകരിച്ച് ഇന്ന് ക്ളിനിക്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഡോ. റീന, ഡോ. എലിസബത്ത് എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. 

വെള്ളിയാഴ്ച കൊയിലാണ്ടി കൂട്ടം ഗ്ളോബല്‍ കമ്മിറ്റിയുമായും ചേര്‍ന്ന് ക്ളിനിക്ക് ഓഡിറ്റോറിയത്തില്‍ പ്രമേഹ ബോധവത്കരണ പരിപാടി ഒരുക്കിയിട്ടുണ്ട്. കൃത്യമായ ചികിത്സയിലൂടെയും പരിചരണത്തിലൂടെയും മാത്രമെ ഈ രോഗത്തിന്റെ ഭവിഷ്യത്തുകളെ നേരിടാനാവൂ എന്നുള്ളതിനാല്‍ ക്ളാസുകളും ചര്‍ച്ചകളൂമായിരിക്കും പരിപാടിയില്‍ നടക്കുകയെന്നും തുടര്‍ന്നും വിവിധ സംഘടനകളുമായി സഹകരിച്ചും ക്ളിനിക്ക് നേരിട്ടും ബോധവത്കരണ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും എക്സിക്യൂട്ടീവ് മാനേജര്‍ അക്ബര്‍ വേങ്ങാട്ട് പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍