കലയുടെ കേളികൊട്ട് ഉയര്‍ത്തി ബ്രിസ്ക കലാമേള നവംബര്‍ 15ന്
Thursday, November 13, 2014 8:04 AM IST
ലണ്ടന്‍: നാട്യതാള രാഗ ലയ വര്‍ണ വിസ്മയമൊരുക്കി ബ്രിസ്റോള്‍ കേരളൈറ്റ് അസോസിയേഷന്‍ (ബ്രിസ്ക) സംഘടിപ്പിക്കുന്ന കലാമേള നവംബര്‍ 15 (ശനി) ഡിസംബര്‍ ആറ് (ശനി) തീയതികളില്‍ നടത്തുന്നു.

കഴിഞ്ഞ വര്‍ഷങ്ങളിലെ അത്ഭുതപൂര്‍വമായ പങ്കാളിത്തമാണ് രണ്ടു ദിവസങ്ങളിലായി മത്സരങ്ങള്‍ അണിയിച്ചൊരുക്കാന്‍ കാരണമായത്.

15ന് (ശനി) സൌത്ത് മീഡ് കമ്യൂണിറ്റി സെന്ററില്‍ കലാമേളയ്ക്ക് തിരശീല ഉയരും. ആദ്യ ദിനങ്ങളില്‍ വ്യക്തിഗത മത്സരയിനങ്ങളായ പ്രസംഗം, കവിതാപാരായണം, ഇന്‍സ്ട്രമെന്റല്‍ മ്യൂസിക്, പെയിന്റിംഗ്, സോളോ സോംഗ് എന്നിവ കൂടാതെ ഏവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന ഇനങ്ങളായ കൈയെഴുത്ത് മത്സരം, മെമ്മറി ടെസ്റ് തുടങ്ങിയവയും നടക്കും.

ഡിസംബര്‍ ആറിന് (ശനി) ഗ്രീന്‍വേ സെന്ററിലെ പ്രൌഡഗംഭീരമായ വേദിയില്‍ ഡാന്‍സ് മത്സരങ്ങളും വിവിധ ഗ്രൂപ്പ് മത്സരങ്ങളും നടത്തും. തിരുവാതിര, മാര്‍ഗംകളി, കപ്പിള്‍ ഡാന്‍സ് എന്നിവയോടൊപ്പം ലളിതവും രസകരവുമായ പുഞ്ചിരി മത്സരം, അട്ടഹാസ മത്സരം എന്നിവയും ഒരുക്കിയിട്ടുണ്ട്.

മേളയിലെ ഏറ്റവും പ്രഗത്ഭരില്‍നിന്നും കലാപ്രതിഭയേയും കലാ തിലകത്തെയും തെരഞ്ഞെടുക്കും.

സമാപനദിവസം ബ്രിസ്ക യൂത്ത് ക്ളബ് അണിയിച്ചൊരുക്കുന്ന ഫാഷന്‍ ഷോ ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണമാണ്. ബ്രിസ്കയുടെ മലയാളം ക്ളാസിലെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് ആലപിക്കുന്ന ദേശീയ ഗാനത്തോടെ ചടങ്ങുകള്‍ക്ക് തിരശീല വീഴും.

കലാമേളയുടെ നടത്തിപ്പിനായി ആര്‍ട്സ് ക്ളബ് സെക്രട്ടറി മാത്യു ഈശ്വര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. ജിജോ പാലാട്ടിയുടെ നേതൃത്വത്തില്‍ ഫുട്കമ്മിറ്റിയും ജെയിംസ് ജോസഫ് നയിക്കുന്ന ഓര്‍ഗനൈസിംഗ് കമ്മിറ്റിയും ജിജി ലൂക്കോസ്, ഈശ്വര്‍ പ്രസാദ് എന്നിവര്‍ ചേര്‍ന്നുള്ള ജഡ്ജിംഗ് കമ്മിറ്റിയും കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു.

ബ്രിസ്കയുടെ അംഗങ്ങള്‍ മാത്രമാണ് കലാമേളയില്‍ പങ്കെടുക്കാനുള്ള അവസരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷെല്‍ബി വര്‍ക്കി (ബ്രിസ്ക പ്രസിഡന്റ്) 07984437239, ജിജി ലൂക്കോസ് (ബ്രിസ്ക സെക്രട്ടറി) 07886644883.

റിപ്പോര്‍ട്ട്: പ്രമോദ് പിള്ള