ഹാനോവര്‍ കമ്യൂണിറ്റി ബാങ്കിന്റെ പത്ത് ശതമാനം ഓഹരി മുത്തൂറ്റ് ഗ്രൂപ്പ് സ്വന്തമാക്കി
Wednesday, November 12, 2014 10:05 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റ് ആസ്ഥാനമാക്കിയുള്ള ഹാനോവര്‍ കമ്യൂണിറ്റി ബാങ്കിന്റെ പത്ത് ശതമാനം ഓഹരി സ്വന്തമാക്കി ഇന്ത്യയിലെ പ്രമുഖ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയായ മുത്തൂറ്റ് ഗ്രൂപ്പ് അമേരിക്കന്‍ ബാങ്കിംഗ് രംഗത്തേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചു.

180 മില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ള ഹാനോവര്‍ കമ്യൂണിറ്റി ബാങ്കും മുത്തൂറ്റ് ഗ്രൂപ്പും കുടി ചേര്‍ന്ന് കൂടുതല്‍ ബ്രാഞ്ചുകള്‍ തുറക്കുവാനും തീരുമാനിച്ചതായി ഹാനോവര്‍ കമ്യൂണിറ്റി ബാങ്ക് സിഇഒ മൈക്ക് പ്യൂറോ വ്യക്തമാക്കി. ഇന്ത്യയിലെ മുത്തൂറ്റ് ഗ്രൂപ്പുമായി ഒന്നിച്ചു പ്രവര്‍ത്തിക്കുവാന്‍ ധാരണയായത് വലിയ നേട്ടമായി കരുതുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒരു ഫുള്‍ സര്‍വീസ് ബാങ്ക് ആയ ഹാനോവര്‍ കമ്യൂണിറ്റി ബാങ്ക് പേഴ്സണലൈസ്ഡ് കസ്റമര്‍ സര്‍വീസും മോര്‍ട്ട്ഗേജ് രംഗത്തു വ്യക്തമായ സാന്നിധ്യവും ഉറപ്പിക്കാന്‍ തീരുമാനമായി. ബ്രൂക് ലിന്‍, ഫ്ളഷിംഗ്, ലോംഗ്ഐലന്റ് എന്നിവിടങ്ങളില്‍ പുതിയ ബ്രാഞ്ചുകള്‍ അടുത്ത വര്‍ഷം തുറക്കുവാന്‍ ശ്രമിക്കുമെന്ന് ബാങ്ക് ഡയറക്ടര്‍ വര്‍ക്കി ഏബ്രഹാം വ്യക്തമാക്കി.

മുത്തൂറ്റ് ഗ്രൂപ്പ് പ്രസിഡന്റ് ജോര്‍ജ് എം. അലക്സാണ്ടര്‍, മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍, ഹാനോവര്‍ കമ്യൂണിറ്റി ബാങ്ക് സിഇഒ മൈക്ക് പ്യൂറോ, മാനേജര്‍ പോള്‍ ഹോഗന്‍, ഡയറക്ടര്‍ വര്‍ക്കി ഏബ്രഹാമും മറ്റ് ബോര്‍ഡ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം