മാതാപിതാക്കളുടെ ത്യാഗത്തിന്റെ കഥ ഓര്‍മപ്പെടുത്തി ഡോ. മനാഫ് ബെഹ് ബെഹാനി
Wednesday, November 12, 2014 9:59 AM IST
കുവൈറ്റ്: സമയോചിതമായ നല്ല വിദ്യാഭ്യാസം നല്‍കുന്നതിനായുള്ള മാതാപിതാക്കളുടെ ത്യാഗമാണ് ഓരോ ഭാരതീയന്റേയും ഉയര്‍ച്ചയ്ക്ക് അടിസ്ഥാനം എന്ന് കുവൈറ്റ് യൂണിവേഴ്സിറ്റി പ്രഫ. ഡോ. മനാഫ് ബെഹ്ബെഹാനി പറഞ്ഞു. ഇന്‍സ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയര്‍ ഇന്ത്യയുടെ കുവൈറ്റ് ചാപ്റ്റര്‍ സംഘടിപ്പിച്ച 47-ാമത് എന്‍ജിനിയേഴ്സ് ഡേയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതീയര്‍ വിദ്യാഭ്യാസത്തെ ആരാധിക്കുന്നു. വിവിധ മേഖലകളില്‍ നേടിയ വിജയം നിങ്ങളുടെ മാതാപിതാക്കളുടെ പ്രാര്‍ഥനയുടേയും പരിശ്രമത്തിന്റേയും ഫലമാണ്. ഇനി നിങ്ങളുടെ അവസരമാണ്. മാതാപിതാക്കളില്‍ നിന്നും മാതൃരാജ്യ ങ്ങളില്‍ നിന്നും നേടിയത് തിരിച്ചു നല്‍കുവാനുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുവാനുള്ള അവസരം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി എന്‍ജിനിയര്‍ അഹമദ് അല്‍-മെര്‍ഷിദ് മുഖ്യാതിഥിയായിരുന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിന്‍ പങ്കെടുത്തു.

വൈറ്റില്‍ ജോലിചെയ്യുന്ന ഭാരതീയരായ എന്‍ജിനിയര്‍ രാജ്യത്തിനു തന്നെ അഭിമാനമാണ്. എല്‍ആന്‍ഡ് ടി, പുഞ്ച് ലോയിട് തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ കുവൈറ്റുമായി ഒപ്പുവച്ച വന്‍കിട പദ്ധതികള്‍ ഇന്ത്യന്‍ എന്‍ജിനിയറിംഗ് മേഖലയുടെ ലോകോത്തര ഗുണനിലവാരത്തെ സൂചിപ്പിക്കുന്നതായി അംബാസഡര്‍ പറഞ്ഞു.

ടിസിബി സെര്‍ട്ട്. മാനേജിംഗ് ഡയറക്ടര്‍ എം.എസ്.റായ് ഭാരതീയ എന്‍ജിനിയറിംഗിന്റെ ലോകോത്തര സാധ്യതകള്‍ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ചരിത്രാതീത കാലം മുതല്‍ തന്നെ ഭാരതം ഈ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചവരാണ്. ഹാരപ്പയും മോഹന്‍ജൊദാരൊയും പരമ്പരാഗത ഭാരതീയ സാങ്കേതികതയുടെ മികവിന്റെ ഉത്തമ ഉദാഹരണങ്ങളാണെന്ന് റായ് പറഞ്ഞു. ഭാരതീയ എന്‍ജിനിയറിംഗ് ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ശക്തമായ നേതൃത്വം ഉണ്ടാകണം. ഈ കൂട്ടു ത്തരവാദിത്തത്തില്‍ ഐഇഐ പോലെയുള്ള കൂട്ടായ്മകളുടെ പങ്ക് വളരേ വലുതാണ്. റായ് കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ബി.ടി. ശ്രീനിവാസറാവു ഭാരതീയ സമൂഹത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തുന്നതിലുള്ള ഉത്തരവാദിത്തെക്കുറിച്ച് പ്രസംഗിച്ചു. ഐഇഐ ചെയര്‍മാന്‍ ജോസഫ് പണിക്കര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഐഇഐ ജനറല്‍ സെക്രട്ടറി ഡോ. എം. മഹേന്ദ്രന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്