പി.സി വിഷ്ണുനാഥിന് ലണ്ടനില്‍ ഒഐസിസി സ്വീകരണം നല്‍കി
Tuesday, November 11, 2014 9:02 AM IST
ലണ്ടന്‍: കോമണ്‍വെല്‍ത്ത് പര്‍ലമെന്ററി അസോസിയേഷന്റെ സെമിനാറില്‍ പങ്കെടുക്കാനെത്തിയ ചെങ്ങന്നൂര്‍ എംഎല്‍എയും കെപിസിസി ജനറല്‍ സെക്രട്ടറിയും വക്താവുമായ പി.സി വിഷ്ണുനാഥിന് ഒഐസിസിയുടെ നേതൃത്വത്തില്‍ ഈസ്റ് ഹാമില്‍ സ്വീകരണം നല്‍കി.

കേരള രാഷ്ട്രീയത്തിലെ നിര്‍ഭയ നിഷേധത്തിന്റെ പ്രതിരൂപവും ഗൌരവ തീക്ഷ്ണതയുടെ അവസാന സാന്നിധ്യവുമായിരുന്ന എം.വി രാഘവന്റെ ദീപ്തമായ സ്മരണക്കുമുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ആരംഭിച്ച ചടങ്ങില്‍ ഒഐസിസി യുകെയുടെ കണ്‍വീനര്‍ ടി.ഹരിദാസ് അധ്യക്ഷത വഹിച്ചു. മതേതരത്വം മുറുകെപിടിച്ചുകൊണ്ട് കോണ്‍ഗ്രസിന്റെ ആശയങ്ങളെ മനസില്‍ പേറി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി ഒഐസിസി മുന്നോട്ടു പോകണമെന്നും പ്രവാസികളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ട് ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്കു വേദിയാകണമെന്നും സ്വീകരണമേറ്റുവാങ്ങി പി.സി വിഷ്ണുനാഥ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ജനങ്ങളുടെ ഹിതമറിഞ്ഞു ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിഷ്ണുനാഥ് മറ്റുള്ള ജനപ്രതിനിധികള്‍ക്കും മാതൃകയാണെന്ന് ഹരിദാസ് ആമുഖ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. ചെറിയ പ്രായത്തില്‍ തന്നെ നിയമ സഭയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ സാമാചികന്‍ എന്ന ഖാദി നേടിയ വിഷ്ണുനാഥ് പ്രതികൂല സാഹചര്യത്തില്‍ പോലും വന്‍ ഭൂരിപക്ഷം നേടിയത് ജനഹൃദയങ്ങളില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതിനു തെളിവായിരുന്നുവെന്നു സ്വാഗതം ആശംസിച്ചുകൊണ്ട് ഗിരി മാധവന്‍ സൂചിപ്പിച്ചു. കേരള നിയമസഭയിലെ ജ്വലിക്കുന്ന യുവത്വത്തിന്റെ പ്രതീകമായ വിഷ്ണുനാഥ് യുവജനങ്ങളുടെ പ്രതീക്ഷയും ആവേശവുമാണെന്ന് നാഷണല്‍ കമ്മിറ്റിയംഗം സുജു കെ.ഡാനിയേല്‍ അഭിപ്രായപ്പെട്ടു. ദേശീയ കമ്മിറ്റി അംഗം അന്‍സാര്‍ അലി, ബിജു കോശി, ബേബിക്കുട്ടി ജോര്‍ജ്, വക്കം സുരേഷ്, ബിജു ഗോപിനാഥ്, കുമാര്‍ സുരേന്ദ്രന്‍, ജെയിന്‍ ലാല്‍ എന്നിവരും ആശംസ അറിയിച്ചു. ലണ്ടന്‍ റീജിയണിനുവേണ്ടി ടോണി ചെറിയാന്‍ നന്ദി രേഖപെടുത്തി. ഏബ്രഹാം വാഴൂര്‍, തോമസ് കാക്കശേരി, സാംബശിവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സുജു ഡാനിയേല്‍