സൌദിയില്‍ എടിഎം കൌണ്ടറില്‍ നിന്നം ബാങ്ക് കാര്‍ഡില്ലാതെ പണം പിന്‍ വലിക്കുന്ന പദ്ധതിക്കു തുടക്കമായി
Tuesday, November 11, 2014 9:01 AM IST
ദമാം: സൌദിയില്‍ എടിഎം കൌണ്ടറില്‍ നിന്നം ബാങ്ക് കാര്‍ഡില്ലാതെയും പണം പിന്‍വലിക്കാന്‍ കഴിയുന്ന പദ്ധതിക്കു തുടക്കമായി. എടിഎം കാര്‍ഡുകള്‍ മറക്കുകയും പണം അത്യാവശ്യമായി വരുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ അത്യാവശ്യസേവനം ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ സേവനം നടപ്പിലാക്കുന്നതെന്ന് സൌദി ബാങ്കിംഗ് ബോധവത്കരണ സമിതി സെക്രട്ടറി ജനറല്‍ തല്‍ അത്ത് ഹാഫിദ് പറഞ്ഞു.

എടിഎം കാര്‍ഡിനു പകരം ചില രഹസ്യ പാസ് വേര്‍ഡ് ഉപയോഗിച്ചാണ് എടിഎം കൌണ്ടറുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിയുക. ചിലപ്പോള്‍ ഈ നമ്പര്‍ സ്വന്തം തിരിച്ചറിയല്‍ രേഖയുടെ നമ്പറാകാമെന്നും ഹാഫിദ് സുചിപ്പിച്ചു. ആയിരം റിയാല്‍ മാത്രമേ ഇങ്ങനെ പാസ് വേര്‍ഡ് ഉപയോഗിച്ച് എടിഎം കാര്‍ഡില്ലാതെ പിന്‍വലിക്കാന്‍ കഴിയൂ. ചില ബാങ്കുകളില്‍ പുതിയ സേവനം പരീക്ഷണാര്‍ഥം ആരംഭിച്ചുകഴിഞ്ഞു. താമസിയാതെ ഈ സേവനം മറ്റു ബാങ്കുകളിലേക്കും വ്യാപിപ്പിക്കുമെന്നും ഹാഫിദ് തല്‍അത്ത് അറിയിച്ചു. ഈ വര്‍ഷം 24 ബാങ്കുകള്‍ക്കു പുതിയ സേവനം ആരംഭിക്കുന്നതിന് ലൈസന്‍സ് നല്‍കി. ഇവയില്‍ 12 എണ്ണം വിദേശ ബാങ്കുകള്‍ക്കാണ്.

ഗള്‍ഫ് രാജ്യത്ത് ആദ്യമാണ് ബാങ്ക് കാര്‍ഡില്ലാതെ എടിഎം കൌണ്ടറുകളില്‍ നിന്നും പണം പിന്‍ വലിക്കാന്‍ കഴിയുന്ന പദ്ധതിയെന്ന് തല്‍ അത്ത് ഹാഫിദ് പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം