പത്തനാപുരം സംഗമം വാര്‍ഷിക സമ്മേളനം ഹൃദയ സ്പര്‍ശിയായി
Monday, November 10, 2014 10:01 AM IST
ഡാളസ്: ഡാളസ് ഫോര്‍ട്ട്വര്‍ത്ത് മേഖലയിലുള്ള പത്തനാപുരം സ്വദേശികളുടെ സംഘടനയായ പത്തനാപുരം സംഗമം അതിന്റെ മൂന്നാമത് വാര്‍ഷികം വിവിധ കലാപരിപാടികളോട് ആഘോഷിച്ചു.

ഒക്ടോബര്‍ 26 ന് ഡാളസ് രുചി പാലസില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്റ് ചാള്‍സ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഏബ്രഹാം ഉമ്മന്റെ പ്രാരംഭ പ്രാര്‍ഥനയോട് ആരംഭിച്ച യോഗത്തില്‍ സെക്രട്ടറി ജോണ്‍ ഉമ്മന്‍ സ്വാഗതം ആശംസിച്ചു. യോഗത്തില്‍ മുഖ്യാതിഥിയായിരുന്ന റവ. സി.ജി തോമസ് പ്രവാസികള്‍ക്ക് സ്വന്തം ദേശം മാതൃതുല്യമാണെന്ന് ഓര്‍മിപ്പിച്ചു. സ്വന്തം ദേശത്തോടുള്ള സ്നേഹവും കടപ്പാടും കാത്തു സൂക്ഷിക്കുവാന്‍ ഡാളസിലുള്ള മലയാളി പ്രവസികള്‍ക്ക് കഴിയട്ടെ എന്ന് ആശംസിച്ചു. റവ. മാത്യു ശാമുവല്‍ പത്തനാപുരം നിവാസികളുടെ സംഗമം മറ്റു സംഘടനക്കു മാതൃകയാവട്ടെ എന്ന് ആശംസിച്ചു.

തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. യോഗത്തിലെത്തിയ പത്തനാപുരം സ്വദേശികള്‍ക്ക് വിനോദ് ചെറിയാന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: എബി തോമസ്