ജര്‍മനിയില്‍ ഗര്‍ഭകാലവും മറ്റേര്‍ണിറ്റി ലീവും പെന്‍ഷനും പരിഗണിക്കില്ല
Monday, November 10, 2014 9:59 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ സ്ത്രീകള്‍ ഗര്‍ഭകാലത്തിനു ആറാഴ്ചയ്ക്കു മുമ്പും എട്ടാഴ്ചയ്ക്കു പിമ്പുമായി എടുക്കുന്ന അവധികള്‍ പെന്‍ഷന്‍ കണക്കാക്കുമ്പോള്‍ ഒഴിവാക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. ഇതുകാരണം, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് പെന്‍ഷന് അര്‍ഹത ലഭിക്കാന്‍ കൂടുതല്‍ കാലം ജോലി ചെയ്യേണ്ട അവസ്ഥയും സംജാതമാകുന്നു.

നിലവില്‍ 63 വയസാണ് സ്ത്രീകളുടെ പെന്‍ഷന്‍ പ്രായം. നടപ്പുവര്‍ഷം ജൂലൈ ഒന്നിന് പ്രാബല്യത്തിലാക്കിയ ഈ നിയമം ഏതാണ്ട് രണ്ടു ലക്ഷത്തോളം അമ്മമാരെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. തൊഴില്‍ മന്ത്രി അന്ത്രയാ നാലസിന്റെ വെബ്സൈറ്റിലും ഈ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.

അതേസമയം, തൊഴില്‍രഹിതമായ കാലയളവും സിക്നെസ് ബെനിഫിറ്റ് വാങ്ങുന്ന സമയവും പെന്‍ഷന് അര്‍ഹത ലഭിക്കാനുള്ള കാലയളവില്‍നിന്ന് കുറയ്ക്കുന്നുമില്ല. 45 വര്‍ഷത്തെ ഇന്‍ഷ്വറന്‍സ് കാലാവധി പെന്‍ഷന് നിര്‍ബന്ധമാണ്.

ഇടതു പാര്‍ട്ടി എഴുതി ചോദിച്ച വിശദീകരണത്തിന് സാമൂഹ്യകാര്യമന്ത്രാലയം നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. വിഷയം ഗൌരവമായെടുക്കാന്‍ ലെഫ്റ്റ് പാര്‍ട്ടി തീരുമാനിച്ചുകഴിഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍