ബ്രാംപ്ടന്‍ ഗുരുവായൂരപ്പന്‍ ക്ഷേത്ര നിര്‍മാണത്തിന് ആരംഭം കുറിച്ചു
Monday, November 10, 2014 8:15 AM IST
ടൊറന്റോ: ബ്രാംപ്ടനില്‍ ഗുരുവായൂരപ്പന്‍ ക്ഷേത്ര നിര്‍മാണത്തിന് പ്രതീകാത്മകമായി ആരംഭം കുറിച്ചു. ബ്രാംപ്ടന്‍ നഗരത്തിലെ കണ്‍ട്രി സൈഡ് റോഡിനടുത്ത് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ, ഭൂമി ഉടയ്ക്കല്‍ ചടങ്ങ് നവംബര്‍ എട്ടിന് രാവിലെ മുഖ്യതന്ത്രി ദിവാകരന്‍ നമ്പൂതിരിയുടേയും പൂജാരി മനോജ് നമ്പൂതിരിയുടെയും മുഖ്യകാര്‍മികത്വത്തില്‍ നടന്നു. നൂറു കണക്കിന് ഭക്തര്‍, ബ്രാംപ്ടന്‍ പാര്‍ലമെന്റ് മെംബറും വയോജന മന്ത്രാലയ സെക്രട്ടറിയുമായ പരംഗില്‍, ബ്രാംപ്ടന്‍ കൌണ്‍സിലര്‍ ജോണ്‍ സ്പോറോലോറി, ശ്രംഗേരി മഠം പ്രസിഡന്റ് ഡോ. ലക്ഷ്മണന്‍, ഹിന്ദു സഭാ സെക്രട്ടറി രാജഗോപാല്‍, ബ്രാംപ്ടന്‍ മലയാളി സമാജം പ്രസിഡന്റ് കുര്യന്‍ ബേബി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

നിലവിലുളള ക്ഷേത്രത്തില്‍ നിന്നും ഉഷപുജയ്ക്കുശേഷം കൈക്കോട്ടും മണ്‍വെട്ടിയുമേന്തി തന്ത്രിയുടെ നേതൃത്വത്തില്‍ നിരവധി ഭക്തജനങ്ങളുടെ അകമ്പടിയോടുകൂടി പദയാത്രയായിട്ടാണ് നിര്‍മാണ സ്ഥലത്ത് എത്തിയത്.

ചടങ്ങിനുശേഷം നടന്ന പൊതു യോഗത്തില്‍ ക്ഷേത്ര പ്രസിഡന്റ് ഡോ. പി. കെ. കുട്ടി നിര്‍മാണ പ്രവര്‍ത്തനങ്ങളെകുറിച്ച് വിശദീകരിച്ചു. 1990 ല്‍ പൂവിട്ട ഈ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ പിന്നിട്ട നാഴികക്കല്ലുകളും അതിനുവേണ്ടി പ്രയത്നിച്ച് ഏവരേയും യോഗത്തില്‍ പ്രശംസിച്ചു. തനത് കേരളീയ ക്ഷേത്രശില്‍പ്പ നിര്‍മാണ സാങ്കേതിക വിദ്യകള്‍ ഉള്‍കൊളളിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ അതേ മാതൃകയിലാണ് ഈ ക്ഷേത്രവും നിര്‍മിക്കുക.

അടുത്ത വര്‍ഷം മാര്‍ച്ച് ഏപ്രിലോടു കൂടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ഉദ്ദേശിച്ചിട്ടുളളത്. സനാതന ധര്‍മ്മത്തിലധിഷ്ഠിതമായി, വിശ്വാസികളും ഭാവി തലമുറയുടെ ആധ്യാത്മിക പുരോഗതിക്കുവേണ്ടി ക്ഷേത്രം നിലകൊളളുമെന്ന് അറിയിച്ചു.

നവംബര്‍ 14 ന് സര്‍പ്പബലിയും അതിനുശേഷം മണ്ഡലകാല പൂജകളും അതിവിപുലമായി നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :ംംം.ഴ്ൌൃൌമ്യൌൃ.രമ , 905 799 0900.

റിപ്പോര്‍ട്ട്: ഹരികുമാര്‍ മാന്നാര്‍