'സ്പെഷല്‍ ന്യൂസ്' പ്രകാശനം ചെയ്തു
Monday, November 10, 2014 8:14 AM IST
ഷാര്‍ജ: തന്റെ തെറ്റ് മറ്റൊരാള്‍ക്ക് ശാപമായി തീരരുത് എന്ന വ്രതമുള്ളവന്‍ ആയിരിക്കണം ഒരു എഴുത്തുകാരനെന്നു കവി പ്രഫ. വി. മധുസൂദനന്‍ നായര്‍ അഭിപ്രായപെട്ടു. ഒരു എഴുത്തുകാരന് തെറ്റിയാല്‍ തലമുറയ്ക്ക് ആകെ തെറ്റും. ഇന്ന് മലയാള ഭാഷയില്‍ നടക്കുന്നത് ഇതാണ്.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷാബു കിളിത്തട്ടിലിന്റെ (വാര്‍ത്ത വിഭാഗം മേധാവി ഹിറ്റ് 96.7എഫ്.എം ദുബായ്) മൂന്നാമത് പുസ്തകം 'സ്പെഷല്‍ ന്യൂസ്' പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരുത്തുള്ള ഭാഷയാണ് മലയാളം എന്നതില്‍ ഒരു സംശയവും വേണ്ട, ലോകത്ത് ഏറ്റവും കരുത്തോടെ സംസാരിക്കുവാന്‍ ആസ്തിയും അടിയുറപ്പും വേര്‍ബലവും താളവും ഉള്ള ഭാഷയാണ് മലയാളം. ഇന്ന് പലരും മലയാളം നന്നായി ഉപയോഗിക്കുന്നുണ്ട്. പക്ഷെ ചിലര്‍ തെറ്റിദ്ധരിപ്പിച്ച് എഴുതുന്നു. അത്തരത്തിലുള്ള എഴുത്തുകാര്‍ പെരുകുമ്പോള്‍ നമുക്കുണ്ടാകുന്നത് ദിശാഭ്രമമാണ്, ആ ഭ്രമം നമ്മുടെ കുട്ടികളെ വലയ്ക്കും. മലയാളിക്ക് തെറ്റുന്നതാണ് അഭിമാനം. ഇംഗ്ളീഷ് പറയുമ്പോള്‍ തെറ്റരുത്. മലയാളം പറയുമ്പോള്‍ തെറ്റണം എങ്കില്‍ മാത്രമേ സെലിബ്രിറ്റി ആകു എന്നും അദ്ദേഹം പറഞ്ഞു.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള ഋഃലൃിേമഹ അളളമശൃ ഋഃലരൌശ്േല മോഹന്‍ കുമാറിന് ആദ്യ പ്രതി നല്‍കിയാണ് മധുസൂദനന്‍ നായര്‍ പ്രകാശന കര്‍മം നിര്‍വഹിച്ചത്. കൈരളി ബുക്സ് മാനേജിംഗ് ഡയറക്ടര്‍ ഒ. അശോക് കുമാര്‍, റോജിന്‍ പൈനുംമൂട് എന്നിവര്‍ പ്രസംഗിച്ചു. തന്റെ പ്രശസ്ത കവിത 'നാറാണത്തു ഭ്രാന്തന്‍' ചടങ്ങില്‍ മധുസൂദനന്‍നായര്‍ ചൊല്ലിയത് വേറിട്ട അനുഭവമായി.

റിപ്പോര്‍ട്ട്: റോജിന്‍ പൈനുംമൂട്