എം.വി.രാഘവന്റെ നിര്യാണത്തില്‍ ഒമാന്‍ ഒഐസിസി അനുശോചിച്ചു
Monday, November 10, 2014 5:14 AM IST
മസ്കറ്റ്: സിഎംപി നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം.വി രാഘവന്റെ നിര്യാണത്തില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസ് ഒമാന്‍ നാഷനല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മായം ചേര്‍ക്കാത്ത നിലപാടുകള്‍ നട്ടെല്ലോടെ സമൂഹത്തോട് ഉറക്കെ പറയാനുള്ള മനോധൈര്യം മുദ്രയാക്കിയ കമ്യൂണിസ്റ് നേതാവായിരുന്നു എം വി രാഘവന്‍. ശരിയുടെ ഭാഗത്ത് നിന്നുള്ള നിലപാടുകളും സത്യത്തെ മാത്രം അനുകൂലിച്ച് അത് കേരളത്തിലെ കമ്യൂണിസ്റ് നേതാക്കളോട് നെഞ്ച് വിരിച്ച് പറഞ്ഞിട്ടുള്ള നേതാവായിരുന്നു അദ്ദേഹം.

തന്റെ മക്കള്‍ തന്റെ വഴിയിലൂടെ സഞ്ചരിക്കരുതെന്നും തന്റെ ശിപാര്‍ശയിലൂടെ രാഷ്ട്രീയ രംഗത്ത് എത്തരുത് എന്നും ആഗ്രഹിച്ച അപൂര്‍വം രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. കേരളത്തിലെ കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിന് വ്യക്തമായ സംഭാവന അദ്ദേഹം അര്‍പ്പിച്ചിരുന്നു. എം.വി രാഘവന്‍ ഉയര്‍ത്തിയ ബദല്‍ രേഖ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോയില്‍ സീദാറം യെച്ചൂരിയെ പോലുള്ളവര്‍ ഉയര്‍ത്തുന്ന അവസരത്തിലാണ്. അദ്ദേഹത്തെ അന്ന് എഴുതിത്തള്ളിയവരില്‍ പലരും ഇന്ന് കേരളാ കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പിറകെ ഓടിക്കൊണ്ടിരിക്കുകയാണെന്നും ഇത് കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ പരാജയത്തിന്റെ വ്യക്തമായ ഉദാഹരണമാണെന്നും ഒഐസിസി ഒമാന്‍ നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് ഹസന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം