ചരിത്രത്തില്‍ ഇടംതേടി ബര്‍ലിനില്‍ ബലൂണ്‍ മതില്‍; ഇരുപത്തഞ്ചാം വാര്‍ഷികാഘോഷം തുടങ്ങി
Saturday, November 8, 2014 9:58 AM IST
ബര്‍ലിന്‍: ജര്‍മന്‍ പുനരേകീകരണത്തിന്റെ പ്രതീകമായി തകര്‍ത്തുകളഞ്ഞ ബര്‍ലിന്‍ മതിലിന്റെ ഇരുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന് വെള്ളിയാഴ്ച ബര്‍ലിനില്‍ തുടക്കം കുറിച്ചു. റോക്ക് താരങ്ങളും പഴയ സ്വതാന്ത്യ്ര സമര പ്രവര്‍ത്തകരും മില്യന്‍കണക്കിന് ജനങ്ങള്‍ക്കൊപ്പം ഇതില്‍ അണിനിരന്നു.

മൂന്നു ദിവസം നീളുന്ന ആഘോഷ പരിപാടികള്‍ക്ക്, പഴയ പൂര്‍വ ജര്‍മന്‍കാരിയായ ചാന്‍സലര്‍ അഗല മെര്‍ക്കല്‍ നേരിട്ട് നേതൃത്വം നല്‍കുന്നു. ആ ദിവസത്തെ മാനസികവ്യാപാരങ്ങള്‍ ജീവിതത്തിലൊരിക്കലും മറക്കാന്‍ കഴിയില്ലെന്ന് ആഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് ചാന്‍സലര്‍ മെര്‍ക്കല്‍ പറഞ്ഞു.

സ്വാതന്ത്യ്രത്തിനായുള്ള ധൈര്യം എന്നതാണ് ആഘോഷവേളയുടെ ചിന്താവിഷയം. പ്രകാശം വിതറുന്ന എണ്ണായിരം ബലൂണുകള്‍ സ്ഥാപിച്ചാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. മതിലിന്റെ പഴയ സ്ഥാനത്ത് പതിനഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണിത്.

മുമ്പു മതില്‍ നിന്നിരുന്ന സ്ഥലങ്ങള്‍ തിട്ടപ്പെടുത്തി ദീപാലങ്കാരം ഒരുക്കിയത് വീണ്ടും ചരിത്രത്തില്‍ ഇടംപിടിക്കും. ഒമ്പതു മൈല്‍ നീളത്തില്‍ 8000 വിളക്കു കാലുകളിലായി പ്രകാശം ചൊരിയുന്ന ബലൂണുകള്‍ സ്ഥാപിച്ചാണ് ബലൂണ്‍ മതില്‍ നിര്‍മിച്ചിരിക്കുന്നത്. ബ്രാന്‍ഡന്‍ബുര്‍ഗ് ഗേറ്റ്, റൈെഷ്ടാഗ് (ജര്‍മന്‍ പാര്‍ലമെന്റ് മന്ദിരം), ചെക്പോയിന്റ് ചാര്‍ലി എന്നീ പ്രധാനകേന്ദ്രങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബലൂണ്‍ മതിലിന്റെ ആവിഷ്കാരം. ആഘോഷചടങ്ങില്‍ പങ്കെടുക്കാന്‍ 84 കാരനായ മിഖായല്‍ ബര്‍ലിനില്‍ എത്തും. ചാര്‍ലി ചെക്പോയിന്റ് എന്നറിയപ്പെടുന്ന മുന്‍ അതിര്‍ത്തി ക്രോസിംഗില്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍, പ്രസിഡന്റ് യോവാഹിം ഗൌക്ക്, മുന്‍ സോവ്യറ്റ് യൂണിയന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് തുടങ്ങിയവരും ജനങ്ങളെ അഭിവാദ്യം ചെയ്യും. ഞായറാഴ്ച നടക്കുന്ന സമാപനചടങ്ങില്‍ കാലുകളില്‍ സ്ഥാപിച്ചിരിക്കുന്ന ബലൂണുകള്‍ ആകാശത്തേയ്ക്ക് പറത്തിവിടും.

മെര്‍ക്കല്‍ ഉദ്ഘാടനം ചെയ്യുന്ന പുതിയ സ്മാരകമാണ് മ്യൂസിയം പോലെ എക്സിബിഷനായി മാറാന്‍ പോകുന്നത്. ഞായറാഴ്ച രാത്രി ബ്രാന്‍ഡന്‍ബര്‍ഗ് ഗേറ്റില്‍ ബലൂണ്‍ പറത്തുമ്പോള്‍ പശ്ചാത്തലത്തില്‍ ബീഥോവന്റെ ഒമ്പതാം സിഫണിയും കേള്‍ക്കാം.

മതിലിന്റെ പഴയ സ്ഥാനങ്ങളിലൂടെയുള്ള ഗൈഡഡ് ടൂറുകളാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ശനിയാഴ്ച വൈകുന്നേരം യൂറോപ്യന്‍ യൂണിയന്‍ യൂത്ത് ഓര്‍ക്കസ്ട്രയുടെ സംഗീത പരിപാടിയും അരങ്ങേറും

ജര്‍മന്‍കാരായ യുവജനങ്ങളെ, വേര്‍തിരിവിലൂടെ രാജ്യത്തിന്റെ മന:സാക്ഷിയെ കീറിമുറിച്ച അനുഭവം ഇല്ലാത്തവരെ മതിലിന്റെ സ്ഥാനം മനസിലാക്കിക്കൊടുക്കുകയാണ് ബലൂണ്‍ മതിലിന്റെ ലക്ഷ്യമെന്ന് പദ്ധതിയുടെ ചീഫ് മോര്‍ടിസ് വാന്‍ ദുവല്‍മെന്‍ വ്യക്തമാക്കി. 1989 നവംബര്‍ ഒമ്പതിനാണ് മതില്‍ നിലംപൊത്തിയത്. മതില്‍ തകര്‍ന്ന 48 മണിക്കൂറിനുള്ളില്‍ 20 ലക്ഷം കിഴക്കന്‍ ജര്‍മന്‍കാര്‍ അതിര്‍ത്തി കടന്ന് പശ്ചിമജര്‍മനിയില്‍ പ്രവേശിച്ച് ആഹ്ളാദം പങ്കുവച്ചുവെന്നാണ് ചരിത്രം.

1961 ഓഗസ്റ് 13 ന് കോണ്‍ക്രീറ്റ്കൊണ്ട് പൂര്‍ത്തിയാക്കിയ മതില്‍ 28 വര്‍ഷത്തെ കാലയളവിനുശേഷം 1989 നവംബര്‍ ഒമ്പതിന് നിലംപൊത്തി. 3.60 മീറ്റര്‍ പൊക്കവും 167.8 കി.മീറ്റര്‍ നീളവും (ചുറ്റളവ്) ഉണ്ടായിരുന്ന മതില്‍ ജര്‍മനിയുടെ ഏകീകരണ പ്രഖ്യാപനത്തിനു ശേഷം ജനങ്ങളാല്‍ പൊളിച്ചുമാറ്റിയ സംഭവം ലോകത്തിന്റെ ഏടുകളില്‍ ചരിത്രത്തിന്റെ താളുകളില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍