കാനഡയില്‍ കേരളപിറവി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
Saturday, November 8, 2014 5:56 AM IST
ടൊറന്റോ: ബ്രാംപ്ടണ്‍ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവിദിനാഘോഷം സമാജം സെന്ററില്‍ സംഘടിപ്പിച്ചു.ചടങ്ങില്‍ പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ ബ്രഹ്മശ്രീ കരിയന്നുര്‍ ദിവാകരന്‍ നമ്പൂതിരിയെ 'പ്രവാസി കാളിദാസ' ബഹുമതി നല്കി സമാജം ആദരിച്ചു. ദിവാകരന്‍ നമ്പൂതിരിപ്പാടിന്റെ പുതിയ പുസ്തകമായ 'പ്രാഗൃംശം' ചടങ്ങില്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ ജോണ്‍ ഇളമതയാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്. ഡോ.കുട്ടി ആദ്യ കോപ്പി ഏറ്റുവാങ്ങി. ശ്രീ ഹരി വട്ടാപിള്ളില്‍ പുസ്തക സാരാംശം സദസിനു പരിചയ പ്പെടുത്തി. ചടങ്ങില്‍ മലയാളീ സമൂഹത്തിന്റെ മുഴുവന്‍ നേതാക്കളും ഒത്തൊരുമിച്ചു ദിവാകരന്‍ നമ്പൂതിരിയെ പൊന്നാട അണിയിച്ചു ആദരിച്ചു. 'പ്രവാസി കാളിദാസ' ബഹുമതി സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനം ബ്രഹ്മശ്രീ ദിവാകരന്‍ നബൂതിരിക്ക് സമ്മാനിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി കാത്തലിക് ഡിസ്ട്രിക് സ്കൂള്‍ ബോര്‍ഡിലേക്ക് നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ട തോമസ് കെ.തോമസ്, കന്നിയങ്കത്തില്‍ തന്നെ വിജയിച്ച ഷോണ്‍ സേവ്യര്‍ എന്നിവര്‍ക്ക് സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണവും അനുമോദനവും നല്‍കി. കാനഡയിലെ മലയാളികള്‍ക്ക് ഒന്നാകെ അഭിമാനിക്കാവുന്നത് ഇവരുടെ വിജയം എന്ന് സമാജം പ്രസിഡണ്ട് ശ്രീ കുര്യന്‍ പ്രക്കാനം പറഞ്ഞു. ഇരുവരെയും സമാജം ഭാരവാഹികള്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു.

സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനത്തിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ പ്രസിഡന്റ് ഫാ.മാക്സിന്‍ ജോണ്‍, ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി.ജോണ്‍, ഗുരുവായൂര്‍ അപ്പന്‍ ക്ഷേത്രത്തിന്റെ പ്രസിഡണ്ട് ഡോ പി കെ കുട്ടി, കനേഡിയന്‍ മലയാളീ ആസോസിയേഷന്‍ പ്രസിഡന്റ് ബോബി സേവ്യര്‍, മിസ്സിസ്സാഗ കേരള അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ പ്രസാദ് നായര്‍,ഫാ എബി മാത്യു, ഇളമത ജോണ്‍, തോമസ് കെ തോമസ്, ഷോണ്‍ സേവ്യര്‍, ഉണ്ണി ഒപ്പത്ത്, എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സമാജം സെക്രട്ടറി ഗോപകുമാര്‍ നായര്‍ സ്വാഗതവും ട്രഷറര്‍ തോമസ് വര്‍ഗീസ് നന്ദിയും രേഖപ്പെടുത്തി.വിവിധ കലാപരിപാടികളും കേരള പിറവി ആഘോഷങ്ങളുടെ ഭാഗമായി ക്രമീകരിച്ചിരുന്നു.

മത്തായി മാത്തുള്ള, ജയപാലന്‍ കൂട്ടത്തില്‍ ഉണ്ണികൃഷ്ണന്‍, ബിജു തയ്യില്‍ചിറ, രൂപാ നാരായണന്‍, സീമ ശ്രീകുമാര്‍, വര്‍ഗീസ് പോള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം