ന്യൂയോര്‍ക്ക് സിറ്റി ഹാളിലെ ദീപാവലി ആഘോഷം വര്‍ണാഭമായി
Saturday, November 8, 2014 5:55 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സിറ്റി ഹാളില്‍ ഒക്ടോബര്‍ 21-ന് വൈകുന്നേരം 5.30-ന് ദീപാവലി വര്‍ണ്ണാഭമായി ആഘോഷിച്ചു. ചേംബര്‍ ഹാളില്‍ ചേര്‍ന്ന ആഘോഷങ്ങളില്‍ സിറ്റി കൌണ്‍സില്‍ സ്പീക്കര്‍ മലീസ്സാ വിവെറിറ്റോ, പബ്ളിക് അഡ്വക്കേറ്റ് ലറ്റീഷ്യാ ജയിംസ്, കൌണ്‍സില്‍ മെമ്പര്‍മാരായ ഡനീക് മില്ലെര്‍, മാക് വെപ്രിന്‍, പോള്‍ വലോണ്‍, റോറി ലാന്‍സ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ദേശീയ ഗാനാലാപനത്തോടെ തുടങ്ങിയ പരിപാടികള്‍ സിറ്റി കൌണ്‍സില്‍ ഭാരവാഹികളും അതിഥികളും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കമ്യൂണിറ്റി സേവനത്തിനുള്ള അവാര്‍ഡുകള്‍ ഡോ. രാജ് ഭയാനി, ഡോ. ഉമാ മൈസൂര്‍ക്കര്‍, ദേവ് വിശ്വനാഥ്, ശാന്തി അമ്മ, അനിതാ ചാറ്റര്‍ജി ഭൌമിക് എന്നിവര്‍ക്ക് വിതരണം ചെയ്തു. ന്യൂയോര്‍ക്കിലെ ദീപാവലി ദിവസം ഒന്നിടവിട്ടുള്ള പാര്‍ക്കിംഗ് റദ്ദാക്കി. ന്യൂയോര്‍ക്ക് നഗരത്തിലെ വലിയൊരു ശതമാനമായ ഇന്ത്യന്‍ വംശജര്‍ ദീപാവലി പുതുവര്‍ഷം ഏറ്റവും വലിയ ഉത്സവമായി ആഘോഷിക്കുന്നു. ദീപാലങ്കാരത്തോടുകൂടി തിന്മയുടെ മേല്‍ നന്മ പ്രതീക്ഷിച്ചുകൊണ്ടുള്ള മഹത്തായ ആഘോഷമാണ് ദീപാവലി.

ന്യൂയോര്‍ക്ക് നഗരത്തിലെ ഇന്ത്യന്‍ വംശജര്‍ വിവിധ മേഖലകളില്‍ നല്‍കുന്ന സേവനങ്ങളെ സിറ്റി കൌണ്‍സില്‍ അംഗങ്ങള്‍ പ്രകീര്‍ത്തിച്ചു. ചടങ്ങില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നേതാക്കന്മാര്‍ സംബന്ധിച്ചു. ഫൊക്കാനയെ പ്രതിനിധീകരിച്ച് ലീലാ മാരേട്ട് ചടങ്ങുകളില്‍ പങ്കെടുത്തു. കലാപരിപാടികള്‍, സ്നേഹവിരുന്ന് എന്നിവയോടുകൂടി എട്ടുമണിയോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം