എക്യൂമെനിക്കല്‍ ചില്‍ഡ്രന്‍സ് സംഗമത്തിന് തുടക്കം
Saturday, November 8, 2014 5:55 AM IST
ഷിക്കാഗോ: ഭാവി തലമുറയുടെ എക്യൂമെനിക്കല്‍ സൌഹാര്‍ദ്ദം ലക്ഷ്യമാക്കി, വളര്‍ന്നു വരുന്ന തലമുറയ്ക്കായി എക്യൂമെനിക്കല്‍ കൌണ്‍സില്‍ ഓഫ് ഷിക്കാഗോയുടെ നേതൃത്വത്തിലുള്ള ചില്‍ഡ്രന്‍സ് സംഗമത്തിന് തുടക്കംകുറിച്ചു. നവംബര്‍ ഒന്നാംതീയതി ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് സീറോ മലബാര്‍ സഭാ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെട്ട ആദ്യത്തെ ചില്‍ഡ്രന്‍സ് സംഗമത്തില്‍ ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സില്‍ അംഗ സഭകളില്‍ നിന്നുള്ള വൈദീകരുടേയും മാതാപിതാക്കളുടേയും നേതൃത്വത്തില്‍ ഒട്ടനവധി കുട്ടികള്‍ ആദ്യാവസാനം പങ്കെടുത്തു.

സി.എസ്.ഐ ക്രൈസ്റ് ചര്‍ച്ച് യുവജനങ്ങള്‍ നേതൃത്വം നല്‍കിയ പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പോടുകൂടി ആരംഭിച്ച സമ്മേളനത്തിലേക്ക് എക്യൂമെനിക്കല്‍ കൌണ്‍സില്‍ വൈസ് പ്രസിഡന്റ് റവ ബിനോയി പി. ജേക്കബ് എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.

ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സില്‍ പ്രസിഡന്റും, സീറോ മലബാര്‍ സഭ സഹായ മെത്രാനുമായ മാര്‍ ജോയി ആലപ്പാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ ഭാവിയുടെ വാഗ്ദാനമാണെന്നും, ആദ്യമായി ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുവേണ്ടി ഒരു പരിപാടി ക്രമീകരിക്കുവാന്‍ കഴിഞ്ഞതില്‍ അത്യധികം സന്തോഷമുണ്െടന്നും, ഇത് ഒരു തുടക്കംമാത്രമാണെന്നും ഭാവിയില്‍ കുട്ടികള്‍ക്കുവേണ്ടി ഇതുപോലുള്ള മറ്റ് പരിപാടികള്‍ ക്രമീകരിക്കേണ്ടതിന്റെ ആവശ്യകതയും പിതാവ് ഉദ്ഘാടന പ്രസംഗത്തില്‍ സദസിനെ ഓര്‍മ്മിപ്പിച്ചു.

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രമ്യാ രാജന്‍ മാസ്റര്‍ ഓഫ് സെറിമണിയായി ആദ്യാവസാനം പരിപാടികളുടെ ക്രമീകരണങ്ങള്‍ നിര്‍വഹിച്ചു. എക്യൂമെനിക്കല്‍ കൌണ്‍സില്‍ സെക്രട്ടറി ജോണ്‍സണ്‍ വള്ളിയില്‍ ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സിലിന്റെ ആദ്യത്തെ ചില്‍ഡ്രന്‍സ് പ്രോഗ്രാം വിജയമാക്കിത്തീര്‍ക്കാന്‍ സഹായിച്ച എല്ലാവരോടുമുള്ള നന്ദി പ്രകാശിപ്പിച്ചു. റവ.ഫാ. തോമസ് മേപ്പുറത്ത് അച്ചന്റെ പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടും കൂടി സമ്മേളനം സമാപിച്ചു. റോയി ചിക്കാഗോ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം