ജര്‍മനിയില്‍ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ കേരളപിറവിയാഘോഷം വര്‍ണാഭമായി
Friday, November 7, 2014 10:12 AM IST
സ്റുട്ട്ഗാര്‍ട്ട്: വേള്‍ഡ് മലയാളി കൌണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കേരളപിറവിയാഘോഷം ഗൃഹാതുരത്വമുണര്‍ത്തി. സ്റുട്ട്ഗാര്‍ട്ട് നഗരത്തിനടുത്തുള്ള പ്ഫോര്‍സ്ഹൈം ഡില്‍ വൈസന്‍സ്റൈനിലെ യൂത്ത് അക്കാഡമിയില്‍ നവംബര്‍ ഒന്നിനാണ് (ശനി) പരിപാടികള്‍ അരങ്ങേറിയത്.

രാവിലെ പത്തു മുതല്‍ കേരളത്തെപ്പറ്റി നടന്ന ചര്‍ച്ചയില്‍ കേരളത്തിന്റെ ഉത്ഭവം, പരിണാമം, വളര്‍ച്ച, സമ്പദ്വ്യവസ്ഥ, രാഷ്ട്രീയ പശ്ചാത്തലം, പ്രവാസികളുടെ സംഭാവന തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി സാബു ജേക്കബ്, ജോസ് കുമ്പിളുവേലില്‍, ജോളി തടത്തില്‍, തോമസ് അറമ്പന്‍കുടി, ജോര്‍ജ് ചൂരപ്പൊയ്കയില്‍, മാത്യു ജോസഫ്, അച്ചാമ്മ അറമ്പന്‍കുടി, സുധാ വെള്ളാപ്പള്ളില്‍, മേഴ്സി തടത്തില്‍, ജോസഫ് വെള്ളാപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈകിട്ട് ഏഴരയ്ക്ക് 'എന്റെ കേരളം എത്ര സുന്ദരം' എന്ന സാംസ്കാരിക സമ്മേളന പരിപാടി ആരംഭിച്ചു. മൌന പ്രാര്‍ഥനയ്ക്കു ശേഷം ജോസഫ് വെള്ളാപ്പള്ളില്‍ കേരളാംബയെ നമസ്കരിച്ചുകൊണ്ടുള്ള ഗാനം ആലപിച്ചു. വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ളോബല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോളി തടത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിച്ചു. ഡബ്ള്യുഎംസി ജര്‍മന്‍ പ്രോവിന്‍സ് ചെയര്‍മാന്‍ ജോര്‍ജ് ചൂരപ്പൊയ്കയില്‍, പ്രോവിന്‍സ് പ്രസിഡന്റ് ജോസഫ് വെള്ളാപ്പള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. പ്രോവിന്‍സ് സെക്രട്ടറി സ്വാഗതം ആശംസിച്ചു.

ഡബ്ള്യുഎംസി യൂറോപ്പ് റീജിയന്‍ പ്രസിഡന്റ് തോമസ് അറമ്പന്‍കുടി, ഏബ്രഹാം നടുവിലേടത്ത് (പ്രസിഡന്റ്, നവോദയാ സമാജം, ഗ്രോസ് ഗെരാവു), ജോസുകുട്ടി തൈക്കാട്ടുതറ (പ്രസിഡന്റ് ഉഗ്മ, കൊളോണ്‍), ഏബ്രഹാം വാണിയത്ത്, വിനോദ് ബാലകൃഷ്ണ (പ്രസിഡന്റ്, മലയാളി ജര്‍മന്‍ അസോസിയേഷന്‍, ബാഡന്‍ വ്യുര്‍ട്ടംബര്‍ഗ്), എഡ്വേര്‍ഡ് നസ്റേത്ത് (ചെയര്‍മാന്‍, യൂറോപ്യന്‍ റൈറ്റേഴ്സ് ഫോറം), വര്‍ഗീസ് കാച്ചപ്പിള്ളി (സെക്രട്ടറി, കേരള ജര്‍മന്‍ കള്‍ച്ചറല്‍ ഫോറം, ഹൈഡല്‍ബര്‍ഗ്), ജോസഫ് മാത്യു (വൈസ് ചെയര്‍മാന്‍, ഡബ്ള്യുഎംസി യൂറോപ്പ് റീജിയന്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വിവിധ കലാപരിപാടികളില്‍ കേരളത്തിന്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന വിഷയങ്ങള്‍ നിറഞ്ഞിരുന്നു. സാബു ജേക്കബ് നടത്തിയകാവ്യചൊല്‍ക്കാഴ്ചയില്‍ കേരളത്തിന്റെ സമ്പൂര്‍ണ പ്രകൃതി രമണീയതയും സ്തുതിപ്പും സമ്പല്‍സമൃദ്ധിയും, മതസാമുദായിക സൌഹാര്‍ദ്ദവും വൃക്ഷലതാധികളുടെ ഭംഗിയും മലയാള ഭാഷയുടെ അനന്യമായ സൌന്ദര്യവും തുളുമ്പിയിരുന്നു.

മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ സാഹിത്യമഞ്ജരി എന്ന കാവ്യസമാഹാരത്തിലെ 'വന്ദിപ്പിന്‍ മാതാവിനെ' എന്ന കാവ്യഭാഗമാണ് സാബു അവതരിപ്പിച്ചത്.

റോസിയും സംഘവും ആലപിച്ച 'അഖിലാണ്ഡമണ്ഡലം...' എന്ന ഗാനം, കാച്ചപ്പള്ളിയും സംഘവും അവതരിപ്പിച്ച നാടന്‍ പാട്ട്, മാത്യു കൂട്ടക്കരയുടെ കവിതാ പാരായണം, സോബിച്ചന്‍ ചേന്നങ്കര, ആന്റണി തേവര്‍പാടം, തോമസ് മാത്യു (ബാബു ഹാംബുര്‍ഗ്) എന്നിവരുടെ സോളോ തുടങ്ങിയ പരിപാടികള്‍ കേരളത്തിന്റെ മുഴുവന്‍ ദൃശ്യചാരുതയും ദൈവത്തിന്റെ സ്വന്തം നാടിനെപ്പറ്റിയുള്ള ഉപമയുല്‍പ്രേക്ഷകളാല്‍ നിറഞ്ഞിരുന്നു. സ്മിതാ നായര്‍, തങ്കച്ചന്‍ വെള്ളാപ്പള്ളില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഗാനമേള ആഘോഷത്തിന് കൊഴുപ്പേകി. പങ്കെടുത്തവര്‍ കേരളത്തനിമ പകരുന്ന വേഷങ്ങളോടെയാണ് ആഘോഷം ധന്യമാക്കിയത്. ആഘോഷത്തോടനുബന്ധിച്ച് ചീട്ടുകളി മല്‍സരവും നടത്തി. ജോളി തടത്തില്‍, സോബിച്ചന്‍ ചേന്നങ്കര, ജോസുകുട്ടി തൈക്കാട്ടുതറ എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി. ഏബ്രഹാം നടുവിലേഴത്ത്, തോമസ് മാത്യു, മേഴ്സി തടത്തില്‍ എന്നിരുടെ ടീം റണ്ണറപ്പായി. സമ്മാനങ്ങള്‍ പ്രോവിന്‍സ് ചെയര്‍മാന്‍ വിതരണം ചെയ്തു.

പ്രോവിന്‍സ് സെക്രട്ടറി ജോസ് കുമ്പിളുവേലില്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. ഡബ്ള്യുഎംസി സ്റുട്ട്ഗാര്‍ട്ട് യൂണിറ്റ് പ്രസിഡന്റ് തങ്കച്ചന്‍ പുളിമൂട്ടില്‍ നന്ദി പറഞ്ഞു. ഫോട്ടോ വിഭാഗം ജെന്‍സ് കുമ്പിളുവേലിലും സാങ്കേതിക വിഭാഗം വിനോദും കൈകാര്യം ചെയ്തു.