ചിലങ്ക നൃത്ത വിദ്യാലയത്തിന് സൂറിച്ചില്‍ തിരി തെളിഞ്ഞു
Friday, November 7, 2014 10:10 AM IST
സൂറിച്ച്: കലയുടെ നൂപുര ധ്വനികള്‍ ഉയര്‍ത്തികൊണ്ട്, ഭാരതീയ നൃത്തകലയുടെ വൈവിധ്യരൂപങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡിലെ രണ്ടാംതലമുറയ്ക്ക് പകര്‍ന്നു നല്‍കുവാന്‍ ചിലങ്ക എന്ന പേരില്‍ നീനു മാത്യുവിന്റെ നേതൃത്വത്തില്‍ നൃത്തവിദ്യാലയത്തിനു തുടക്കമായി.

കേരളപിറവിദിനമായ നവംബര്‍ ഒന്നിന് (ശനി) സൂറിച്ച് എഗിലെ ഹാളില്‍ ഒരുക്കിയ ചടങ്ങില്‍ ജാനറ്റ് ചെത്തിപ്പുഴയുടെ ഈശ്വര ഗാനത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. സ്കൂള്‍ അധ്യാപിക നീനു മാത്യു സ്വാഗതം ആശംസിച്ചു. പത്തൊന്‍പതു വര്‍ഷത്തെ തന്റെ നൃത്ത പഠനത്തില്‍ എന്നും മനസില്‍ സൂക്ഷിച്ചിരുന്ന ദിവസത്തിന്റെ സ്വപ്ന സാക്ഷാത്കാരമാണ് പൂവണിയുന്നതെന്ന് നീനു മാത്യു പറഞ്ഞു.

സ്വിസ് മലയാളികളുടെ ആധ്യാത്മിക ഗുരു ഫാ. വര്‍ഗീസ് നടക്കല്‍, സ്കൂള്‍ അധ്യാപിക നീനു മാത്യു, ടോമി തൊണ്ടാംകുഴി, അലക്സ് കളപ്പുരയില്‍, റെജി പുതുമന എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ചു. തുടര്‍ന്ന് ഫാ. വര്‍ഗീസ് നടക്കല്‍ ഔദ്യോഗികമായി ചിലങ്ക സ്കൂളിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. കലയും നൃത്തവും മനുഷ്യ ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് വിവരിച്ചുകൊണ്ട് ചിലങ്ക സ്കൂളിനു എല്ലാവിധ ഐശ്വര്യങ്ങളും ഫാ. വര്‍ഗീസ് നടക്കല്‍ നേര്‍ന്നു. തുടര്‍ന്ന് അലക്സ് കളപ്പുര, ടോമി തൊണ്ടാംകുഴി എന്നിവര്‍ സ്കൂളിനു ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. നീനു മാത്യു സ്കൂളിനെപറ്റിയും ക്ളാസുകള്‍ എടുക്കുന്ന രീതിയും വിവരിച്ചു. ബിന്ദു മഞ്ഞളി പരിപാടി മോഡറേറ്റ് ചെയ്തു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍