ബ്രസല്‍സില്‍ ചെലവുചുരുക്കല്‍ വിരുദ്ധ സമരം അക്രമാസക്തമായി
Friday, November 7, 2014 10:09 AM IST
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനമായ ബ്രസല്‍സില്‍ ചെലവുചുരുക്കല്‍ നയങ്ങള്‍ക്കെതിരായി സംഘടിപ്പിക്കപ്പെട്ട പ്രകടനം അക്രമത്തില്‍ കലാശിച്ചു. പ്രക്ഷോഭകര്‍ കാറുകള്‍ മറിച്ചിട്ട് തീവയ്ക്കുകയും കല്ലെറിയുകയും ചെയ്തപ്പോള്‍ പോലീസ് ഇവരെ പിരിച്ചുവിടാന്‍ ബലം പ്രയോഗിക്കുകയായിരുന്നു.

ഒരു ലക്ഷത്തോളം പേര്‍ പങ്കെടുത്ത പ്രകടനത്തിനുനേരെ ബെല്‍ജിയന്‍ പോലീസ് കണ്ണീര്‍ വാതകവും ജല പീരങ്കിയും പ്രയോഗിച്ചു. അമ്പതോളം പേര്‍ക്ക് പരുക്കേറ്റു. മുപ്പതു പേരെ കസ്റഡിയിലെടുത്തു.

പെന്‍ഷന്‍ പ്രായം ഉയര്‍ത്താനും ശമ്പളം മരവിപ്പിക്കാനും പൊതു സേവനങ്ങള്‍ വെട്ടിക്കുറയ്ക്കാനുമുള്ള തീരുമാനങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം. ലോക യുദ്ധ കാലത്തിനു ശേഷം ബെല്‍ജിയം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ തൊഴിലാളി പ്രകടനം കൂടിയായിരുന്നു ഇത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍