ട്രെയിന്‍ ഡ്രൈവര്‍മാരുടെ സമരത്തിന് ജര്‍മന്‍ കോടതിയുടെ പച്ചക്കൊടി
Friday, November 7, 2014 8:56 AM IST
ബര്‍ലിന്‍: തിങ്കളാഴ്ച പുലര്‍ച്ചെ വരെ ട്രെയിന്‍ ഡ്രൈവര്‍മാര്‍ (ജിഡില്‍ സംഘടന) നടത്തുന്ന സമരം തടയണമെന്നാവശ്യപ്പെട്ട് ജര്‍മനിയിലെ ദേശീയ റെയില്‍ ഓപ്പറേറ്ററായ ഡോയ്റ്റ്ഷെ ബാന്‍ (ഡിബി) കോടതിയെ സമീപിച്ചുവെങ്കിലും കമ്പനിയുടെ ഹര്‍ജി കോടതി നീരുപാധികം തള്ളി.

ഫ്രാങ്ക്ഫര്‍ട്ടിലെ ലേബര്‍ കോടതിയാണ് ഹര്‍ജി തള്ളിയത്. ജോലിക്കാരുടെ സമരം നിയമാനുസൃതവും എല്ലാവിധ ചട്ടങ്ങളുടെയും പരിധിയില്‍ നിന്നുകൊണ്ടാണെന്നു പറഞ്ഞുകൊണ്ടാണ് ലേബര്‍കോടതി ഹര്‍ജി വെള്ളിയാഴ്ച തള്ളിയത്. 98 മണിക്കൂര്‍ അഥവാ നാലു ദിവസം നീളുന്ന പണിമുടക്ക് രാജ്യത്ത് തുടരാമെന്നും കോടതി സമരക്കാരെ അറിയിച്ചു. എന്നാല്‍ ലേബര്‍ കോടതിയുടെ വിധിക്കെതിരെ സംസ്ഥാന ലേബര്‍ കോടതിയെ ഇന്നുച്ചയ്ക്ക് സമീപിക്കുമെന്ന് ഡിബി വൃത്തങ്ങള്‍ അറിയിച്ചു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ജിഡിഎല്‍ പ്രസിഡന്റ് ക്ളൌസ് വെസല്‍സ്കി സ്വാഗതം ചെയ്തു. എന്നാല്‍ സമരം നവംബര്‍ 17 വരെ നീളുമെന്നുള്ള വ്യവസ്ഥയ്ക്ക് ഇനിയും മറ്റൊരു മാറ്റമില്ലെന്നും വെസല്‍സ്കി അറിയിച്ചു. നവംബര്‍ ആറിന് (വ്യാഴം) പുലര്‍ച്ചെ രണ്ടിന് ആരംഭിച്ച സമരം നവംബര്‍ 17 ന് തിങ്കള്‍ പുലര്‍ച്ചെ നാലിനാണ് അവസാനിക്കുന്നത്.

അഞ്ചു ശതമാനം ശമ്പള വര്‍ധനയും ആഴ്ചയില്‍ പ്രവര്‍ത്തി ദിനത്തില്‍ രണ്ടു മണിക്കൂര്‍ കുറവുമാണ് സംഘടന ആവശ്യപ്പെടുന്നത്.

സമരം കാരണം യാത്രാ സര്‍വീസുകള്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. ഉള്ളവ കൃത്യമായി ഓടുന്നു എന്ന് ഉറപ്പാക്കാനാണ് ഇപ്പോള്‍ അധികൃതരുടെ ശ്രമം. എന്നാല്‍, ദിവസേന നൂറുകണക്കിന് സര്‍വീസുകള്‍ റദ്ദാക്കുന്നത് പതിനായിരക്കണക്കിന് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.

രാജ്യത്തിന്റെ പടിഞ്ഞാറ്, വടക്ക് പ്രദേശങ്ങളില്‍ ആകെ സര്‍വീസുകളില്‍ മുപ്പതു ശതമാനം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കിഴക്കന്‍ മേഖലയില്‍ ഇത് പതിനഞ്ചു ശതമാനം മാത്രമായി ചുരുങ്ങി.

ട്രെയിന്‍ സമരം തുടങ്ങിയതോടെ ജര്‍മനിയിലെ ഗതാഗത സൌകര്യം ഏറെ പരിമിതപ്പെട്ടിരിക്കുകയാണ്. തന്മൂലം ഹൈവേകളിലും ദേശീയ പാതകളിലും സാധാരണ റോഡുകളിലും വാഹനങ്ങള്‍ ട്രാഫിക് ജാമില്‍പ്പെട്ട് നട്ടംതിരിയുകയാണ്. ദേശീയ പാതകളില്‍ കിലോമീറ്റര്‍ നീളത്തില്‍ മണിക്കൂറുകളോളം കാറുകളും ഇടത്തരം വാഹനങ്ങളും ട്രക്കുകളും ദീര്‍ഘദൂര സര്‍വീസ് ബസുകളും കുടുങ്ങിക്കിടക്കുകയാണ്.

ട്രെയിന്‍ യാത്രാ ചാര്‍ജിനെ അപേക്ഷിച്ച് ദീര്‍ഘദൂര ബസുകളുടെ സവീസ് അനുഗ്രഹമായിരുന്നുവെങ്കിലും ഇപ്പോള്‍ ട്രാഫിക് ജാമില്‍ ഇത്തരം യാത്രകള്‍ക്ക് സമയനഷ്ടം ഉണ്ടാവുന്നു.

ഇതോടെ വന്‍നഗരങ്ങളിലേയ്ക്കുള്ള യാത്രാ തടസങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. ചരക്കു നീക്കവും തടസപ്പെട്ടിട്ടുണ്ട്. സമരത്തിന് രണ്ടാം ദിവസമായിട്ടും സര്‍ക്കാര്‍ ഭാഗത്തു നിന്നും അനുകൂലമായ സമീപനം ഉണ്ടായില്ലെങ്കില്‍ ജര്‍മനിയിലെ ജനജീവിതം അടുത്ത തിങ്കളാഴ്ചവരെ സ്തംഭിക്കും എന്നുറപ്പാണ്. പ്രത്യേകിച്ച് ബര്‍ലിന്‍ മതില്‍ പെളിച്ചതിന്റെ സില്‍വര്‍ ജൂബിലി ആഘോഷം ഈ വാരാന്ത്യത്തില്‍ നടത്താനിരിക്കെ ആഘോഷം താറുമാറാവുമെന്നു തീര്‍ച്ച.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍