വനിതാവേദി കുവൈറ്റ് 'സര്‍ഗാഞ്ജലി' നവംബര്‍ ഏഴിന്
Friday, November 7, 2014 8:52 AM IST
കുവൈറ്റ് സിറ്റി: പതിനാല് സംവത്സരങ്ങളായി കുവൈറ്റിലെ സ്ത്രീകളുടെ പൊതു കൂട്ടായ്മയായി പ്രവര്‍ത്തിച്ചുവരുന്ന വനിതാവേദി കുവൈറ്റിന്റെ 2014 വര്‍ഷത്തെ പ്രധാന സാംസ്കാരിക ഉത്സവമായ 'സര്‍ഗാഞ്ജലി' നവംബര്‍ ഏഴിന് (വെള്ളി) രാവിലെ ഒമ്പതു മുതല്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍, ഖൈതാനില്‍ നടക്കും. ആഘോഷ പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

പരിപാടിയില്‍ പ്രശസ്ത നാടകസിനിമ പ്രവര്‍ത്തകയും ഡല്‍ഹി സംഗീത നാടക അക്കാഡമിയുടെ ഡപ്യൂട്ടി സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സജിതാ മഠത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും സജിത മഠത്തില്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച 'മത്സ്യഗന്ധി' എന്ന പ്ളേ റീഡിംഗും ഉണ്ടായിരിക്കും.

കുവൈറ്റിലെ പ്രമുഖ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള ടീമുകള്‍ മാറ്റുരക്കുന്ന തിരുവാതിരകളി മത്സരത്തോട് ആഘോഷ പരിപാടികള്‍ ആരംഭിക്കുക. തുടര്‍ന്ന് സാംസ്കാരിക സമ്മേളനം, കാവ്യശില്‍പ്പം, ഒപ്പന, നാടന്‍പാട്ട് നൃത്തനൃത്യങ്ങള്‍, എന്നീ കലാ പരിപാടികളും കുവൈറ്റിലെ പ്രമുഖ സംഗീത ട്രൂപ്പായ എലന്‍സ അവതരിപ്പിക്കുന്ന സംഗീത സായാഹ്നത്തോട് കൂടി പരിപാടികള്‍ക്ക് സമാപനമാകും. ആഘോഷ പരിപാടികളില്‍ കുവൈറ്റിലെ സാമൂഹ്യ, സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖരും സംബന്ധിക്കും.

വനിതാവേദി നടത്തിക്കൊണ്ടിരിക്കുന്ന കലാ,സാംസ്കാരിക,സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 'സര്‍ഗാഞ്ജലി' ആഘോഷവും സംഘടിപ്പിക്കുന്നത്. ആഘോഷ പരിപാടി വഴി സ്വരൂപിക്കുന്ന തുക കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ഒപി എക്സ്റന്‍ഷന്‍ ബ്ളോക്കിന്റെ നിര്‍മാണത്തിനുവേണ്ടിയാണ് ഉപയോഗിക്കുക. വേറിട്ട പ്രവര്‍ത്തനങ്ങള്‍ വഴി കുവൈറ്റ് മലയാളികളുടെ ഇടയിലെ സജീവ സാന്നിധ്യമായി മാറിയ വനിതാവേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും സഹായങ്ങള്‍ ഉണ്ടാകണമെന്നും ഒരു മുഴു ദിവസം നീണ്ടുനിക്കുന്ന 'സര്‍ഗാഞ്ജലി' ആഘോഷ പരിപാടികളില്‍ എല്ലാവരുടെയും സാന്നിധ്യമുണ്ടാകണമെന്നും വനിതാവേദി കുവൈറ്റ് പ്രസിഡന്റ് ടോളിപ്രകാശ്, ജനറല്‍സെക്രട്ടറി ശുഭഷൈന്‍, ജനറല്‍ കണ്‍വീനര്‍ വല്‍സസ്റാന്‍ലി കലാ വിഭാഗം കമ്മിറ്റി കണ്‍വീനര്‍ ശാന്ത ആര്‍. നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍