ഓസ്റിന്‍ മലയാളി അസോസിയേഷന്‍ ഗെയിംസ് ഡേ ഡോ. സുഗുണന്‍ ഉദ്ഘാടനം ചെയ്തു
Friday, November 7, 2014 6:51 AM IST
ഓസ്റിന്‍: അമേരിക്കയില്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പട്ടണങ്ങളില്‍ ഏറ്റവും മുന്‍നിരയിലാണ് ടെക്സാസ് തലസ്ഥാനമായ ഓസ്റിന്‍. മലയാളികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാലാവസ്ഥയും ജോലി സാധ്യതകളും, കുറഞ്ഞ ജീവിത ചെലവും, ഉയര്‍ന്ന ജീവിത സുരക്ഷിതത്വവുമുള്ള ഓസ്റിന്‍ മലയാളികളുടെ ഇഷ്ടവാസസ്ഥലമായി മാറിക്കൊണ്ടിരിക്കുകയാണ്.

മലയാളി സമൂഹത്തിന്റെ സമദഗ്രവികസനത്തിനായി കഴിഞ്ഞ പത്തുവര്‍ഷക്കാലമായി 'ഗാമ' എന്ന മലയാളി അസോസിയേഷന്‍ വളരെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ ആചാരങ്ങളും, ആഘോഷങ്ങളും മലയാളിത്തനിമയില്‍ ഇവിടെ പുനസൃഷ്ടിക്കുന്നതില്‍ ഗാമ എന്നും എല്ലാവര്‍ക്കും ഒരു മാതൃകയാണ്. കലാ-കായിക രംഗങ്ങളിലും മലയാളികളുടെ കഴിവ് പ്രോത്സാഹിപ്പിക്കുവാന്‍ നിരവധി പരിപാടികള്‍ ഈവര്‍ഷം ഗാമ നടപ്പിലാക്കിയത്. അതിന്റെ ഭാഗമായുള്ള ഗെയിംസ് ഡേ ഉദ്ഘാടനം കേരളാ മുന്‍ ഹോക്കി ക്യാപ്റ്റന്‍ ഡോ. സുഗുണന്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഗാമ മലയാളി സമൂഹത്തിന് ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെ പ്രത്യേകമായി അഭിനന്ദിക്കുകയുണ്ടായി. യോഗത്തില്‍ ഗാമയുടെ വൈസ് പ്രസിഡന്റ് സണ്ണി തോമസ് സ്വാഗതവും, ഗെയിംസ് കോര്‍ഡിനേറ്റര്‍ സതീഷ് കുമാര്‍ നന്ദിയും പ്രകാശിപ്പിച്ചു.

തുടര്‍ന്ന് നടന്ന മത്സരങ്ങളില്‍ നിരവധി മലയാളികള്‍ പങ്കെടുത്തു. ഏറ്റവും കൂടുതല്‍ മലയാളികളെ പങ്കെടുപ്പിച്ച് ഈവര്‍ഷത്തെ ഗെയിംസ് ഡേ വന്‍ വിജയമാക്കിത്തീര്‍ക്കാന്‍ കോര്‍ഡിനേറ്റര്‍ സതിഷ് കുമാര്‍, സഹായിച്ച ബോര്‍ഡ് അംഗങ്ങളായ അനൂപ് നായര്‍, ഡിജോയി ദിവാകരന്‍ എന്നിവര്‍ക്ക് പ്രത്യേകം നന്ദി പറഞ്ഞു. മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തത് പി.എസ്.ജി ഗുരുപ്പ് ചെയര്‍മാന്‍ ജിബി ജോര്‍ജ് പാറയ്ക്കലാണ്. സണ്ണി തോമസ് (ഓസ്റിന്‍) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം