ലോകത്തെ ശക്തരുടെ പട്ടികയില്‍ പുടിന്‍ ഒന്നാമത്; മെര്‍ക്കല്‍ അഞ്ചാമത്, മോദിക്ക് 15 -ാം സ്ഥാനം
Thursday, November 6, 2014 11:16 AM IST
ബര്‍ലിന്‍: അമേരിക്കയിലെ വാണിജ്യ മാസികയായ ഫോബ്സ് ലോകത്തെ ശക്തരുടെ പട്ടിക പുറത്തിറക്കി. ലോകത്തെ ഏറ്റവും ശക്തരായ വ്യക്തികളില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം യു.എസ് പ്രസിഡന്റ് ബരാക് ഒബാമയും ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗ് മൂന്നാം സ്ഥാനത്തും ഫ്രാന്‍സിസ് മാര്‍പാപ്പാ നാലാം സ്ഥാനത്തും ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ അഞ്ചാം സ്ഥാനത്തും എത്തി. കഴിഞ്ഞ വര്‍ഷത്തെ ഒന്നാം സ്ഥാനക്കാരനായ ഒബാമയ പിന്തള്ളിയാണ് പുടിന്‍ ഇത്തവണ ഒന്നാമത് എത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 15ാം സ്ഥാനമാണ് ലഭിച്ചത്. മോദിയെ ഹിന്ദു ദേശീയവാദിയെന്നാണ് ഫോബ്സിന്റെ വിശേഷണം.

പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 36ാം സ്ഥാനത്തും എയ്സ്ലര്‍ മിത്തല്‍ ചെയര്‍മാനും സിഇഒയുമായ ലക്ഷ്മി മിത്തല്‍ 57 ാം സ്ഥാനവും കരസ്ഥമാക്കി. മൈക്രോസോഫ്റ്റ് സിഇഒ ആയ ഇന്ത്യന്‍ വംശജന്‍ സത്യ നാദല്ലെ 64ാം സ്ഥാനം പിടിച്ചു.

മോദിയും ആലിബാബ സിഇഒ ജാക്മായും ഉള്‍പ്പടെ 12 പേരാണ് ഈ വര്‍ഷത്തെ ലിസ്റില്‍ പുതുതായി സ്ഥാനം പിടിച്ചിരിയ്ക്കുന്നത്. എന്നാല്‍ ആദ്യത്തെ 72 സ്ഥാനക്കാരില്‍ വനിതകളായി ഒന്‍പത് പേര്‍ മാത്രവും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍