ബര്‍ലിന്‍ മതില്‍ വീണതിന്റെ രജത ജൂബിലി ആഘോഷത്തിനായി ജര്‍മനിയൊരുങ്ങി
Thursday, November 6, 2014 11:08 AM IST
ബര്‍ലിന്‍: പശ്ചിമ - പൂര്‍വ ജര്‍മനികള്‍ക്കിടയില്‍ വന്‍ കടമ്പയായി നിന്ന ബര്‍ലിന്‍ മതില്‍ പൊളിച്ചു നീക്കിയതിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വാരാന്ത്യത്തില്‍ ബലൂണുകള്‍ പറത്തിയും ബീഥോവന്റെ സംഗീതം ആസ്വദിച്ചും എക്സിബിഷന്‍ നടത്തിയും പരിപാടി വന്‍ സംഭവമാക്കാന്‍ തന്നെയാണ് ഈ തയാറെടുപ്പ്.ജര്‍മനിയില്‍ മാത്രമല്ല യൂറോപ്പ് മുഴുവന്‍ ഇതിന്റെ ആഘോഷങ്ങള്‍ അലയടിയ്ക്കും. വെള്ളിയാഴ്ച തുടങ്ങുന്ന ആഘോഷം നവംബര്‍ ഒന്‍പത് ഞായറാഴ്ച അവസാനിയ്ക്കും.

മതില്‍ നിലനിന്ന സ്ഥലത്ത് ഉടനീളം എണ്ണായിരത്തോളം ബലൂണുകളാണ് ശനിയാഴ്ച പറത്തുക. പുതിയ സ്മാരകമാണ് മ്യൂസിയം പോലെ എക്സിബിഷനായി മാറാന്‍ പോകുന്നത്. ഞായറാഴ്ച രാത്രി ബ്രാന്‍ഡന്‍ബര്‍ഗ് ഗേറ്റില്‍ ബലൂണ്‍ പറത്തുമ്പോള്‍ പശ്ചാത്തലത്തില്‍ ബീഥോവന്റെ ഒമ്പതാം സിഫണിയും കേള്‍ക്കാം.

മതിലിന്റെ പഴയ സ്ഥാനങ്ങളിലൂടെയുള്ള ഗൈഡഡ് ടൂറുകളാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ശനിയാഴ്ച വൈകുന്നേരം യൂറോപ്യന്‍ യൂണിയന്‍ യൂത്ത് ഓര്‍ക്കസ്ട്രയുടെ സംഗീത പരിപാടി വേറെ.

മതിലിന്റെ നൂറു കഥകള്‍ പറയുന്ന നൂറു പ്രദര്‍ശനവസ്തുക്കള്‍ പഴയ മതിലിന്റെ വിവിധ സ്ഥാനങ്ങളില്‍ സ്ഥാപിക്കും. ഇവ തിരിച്ചറിയാന്‍ പ്രകാശമാനമായ ബലൂണുകള്‍ ഉയര്‍ത്തും. മതിലിന്റെ നിര്‍മാണം മുതല്‍ തകര്‍ക്കല്‍ വരെയുള്ള ചരിത്രം ഇതിലൂടെ വ്യക്തമാകും. ഈ പ്രദര്‍ശന വസ്തുക്കളില്‍ ചിലതാണ് സ്ഥിരം സ്മാരകങ്ങളാകാന്‍ പോകുന്നത്.

1961 ഓഗസ്റ് 13 ന് കോണ്‍ക്രീറ്റ്കൊണ്ട് പൂര്‍ത്തിയാക്കിയ മതില്‍ 28 വര്‍ഷത്തെ കാലയളവിനു ശേഷം 1989 നവംബര്‍ 9 ന് നിലംപൊത്തി. 3,60 മീറ്റര്‍ പൊക്കവും 167, 8 മീറ്റര്‍ നിളവും(ചുറ്റളവ്) ഉണ്ടായിരുന്ന മതില്‍ ജര്‍മനിയുടെ ഏകീകരണ പ്രഖ്യാപനത്തിനു ശേഷം ജനങ്ങളാല്‍ പൊളിച്ചുമാറ്റുകയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍