സൌദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു
Thursday, November 6, 2014 7:21 AM IST
ജിദ്ദ: സൌദി അറേബ്യയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ദമാമില്‍ നിന്നു ജിദ്ദയില്‍ നടക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കാന്‍ വരുകയായിരുന്ന മലയാളി ഫുട്ബോള്‍ താരങ്ങളാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച രാവിലെ 6.30 ന് ത്വാഇഫിന് 300 കിലോമീറ്റര്‍ അകലെ ദുലൂമിലായിരുന്നു അപകടം.

മലപ്പുറം ജില്ലയിലെ എടവണ്ണ മുണ്േടങ്ങര സ്വദേശി തച്ചുപറമ്പന്‍ ടി.പി സഹല്‍ (26), മലപ്പുറം ഐക്കരപ്പടി കിഴക്കുംകര വീട്ടില്‍ മുഹമ്മദ് ഫാറൂഖ് (30), കോഴിക്കോട് അരക്കിണര്‍ സ്വദേശി നടുവിലകത്ത് ആഷിഖ് (27) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന താമരശേരി സ്വദേശി ഷമീര്‍, മലപ്പുറം ജില്ലയിലെ എടക്കര മരുത സ്വദേശി യാസര്‍ എന്നിവര്‍ പരിക്കുകളോടെ ദുലും ജനറല്‍ ആശുപത്രിയിലാണ്. ഇരുവരുടേയും പരിക്കുകള്‍ ഗുരുതരമല്ല. മുന്നില്‍ സീറ്റ് ബെല്‍റ്റിട്ട് ഇരുന്ന രണ്ട് പേരാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. പുറകിലിരുന്നവര്‍ വണ്ടിയില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.

യാമ്പുവിലുള്ള എഫ്.സി യാമ്പു എന്ന ടീമിനു വേണ്ടി ജിദ്ദയില്‍ നടന്നു കൊണ്ടിരിക്കുന്ന നാദക് ബ്ളൂ സ്റ്റാര്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ കളിക്കാനായി പോവുകയായിരുന്നു അപകടത്തില്‍പ്പെട്ടവര്‍. വ്യാഴാഴ്ച രാത്രി നടക്കേണ്ടിയിരുന്ന കളിയില്‍ ഇവര്‍ ജിദ്ദയിലെ ഫ്രണ്ട്സ് ടീമുമായായിരുന്നു കളിക്കേണ്ടിയിരുന്നത്. പരിക്കേറ്റ് ആശുപത്രിയിലുള്ള ഷമീറായിരുന്നു വണ്ടി ഓടിച്ചിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന പ്രാഡോ കാര്‍ മുന്നില്‍ പെട്ടെന്ന് ബ്രേക്കിട്ട മറ്റൊരു കാറുമായിടിച്ച് നിയന്ത്രണം വിട്ട് കരണം മറിയുകയായിരുന്നെന്ന് പറയുന്നു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂര്‍