ഒമാനില്‍ എല്‍ഐസി ഇന്റര്‍നാഷണല്‍ കൂടുതല്‍ ഓഫീസുകള്‍ തുറക്കും
Thursday, November 6, 2014 5:54 AM IST
സലാല: സോഹാര്‍ ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ എല്‍ഐസി ഇന്റര്‍നാഷണല്‍ കൂടുതല്‍ ഓഫീസുകള്‍ തുറക്കുമെന്നു കമ്പനിയുടെ പുതിയ സിഇഒ രാജേഷ് കണ്ട്വാള്‍ പറഞ്ഞു.

സലാലയിലെ ഹംദാന്‍ പ്ളാസാ ഹോട്ടലില്‍ നടന്ന മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എല്‍ഐസി ഇന്റര്‍നാഷണല്‍, എല്‍ഐസി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒമാനുള്‍പ്പെടെ വിവിധ ജിസിസി രാജ്യങ്ങളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്. യുഎഇയില്‍ 25 ശതമാനത്തോളം കമ്പനിക്ക് മാര്‍ക്കറ്റ് ഷെയര്‍ ഉണ്ട്.

2004 -ല്‍ ഒമാനില്‍ പ്രവര്‍ത്തനം ആരംഭിച്ച എല്‍ഐസി ഇന്റര്‍നാഷണല്‍ പ്രവാസികള്‍ക്കായി ജീവന്‍ ആനന്ദ, ഓഹരി അടിസ്ഥാനമാക്കിയുള്ള പോളിസികള്‍, പെന്‍ഷന്‍, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള പദ്ധതികള്‍ തുടങ്ങിയ പോളിസികള്‍ ലഭ്യമാക്കുന്നു. യുഎസ് ഡോളറില്‍ ആരംഭിക്കുന്ന പോളിസികള്‍ ഉപഭോക്താവിന്റെ ഇഷ്ട്ടമനുസരിച്ച് പിന്നീട് രൂപയിലേക്ക് മാറ്റാവുന്നതാണ്. അഞ്ചു വര്‍ഷം പ്രീമിയം അടയ്ക്കുന്ന പോളിസികളാണ് പ്രവസികളുടെയിടയില്‍ പ്രചാരത്തിലുള്ളത്.

താമസിയാതെ ഒമാനിലെ സ്വദേശികള്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ കൊടുക്കുവാനുള്ള ലൈസന്‍സ് കമ്പനി കരസ്ഥമാക്കുമെന്ന് ഒമാന്‍ മാനേജര്‍ മധു ശ്രീധരന്‍ പറഞ്ഞു. മീറ്റില്‍ കമ്പനിയുടെ പെന്‍ഷന്‍ പദ്ധതികളെ കുറിച്ച് ബിസിനസ് ഡെവലപ്പ്മെന്റ് മനജേര്‍ പീറ്റര്‍ കെ. മത്തായി ക്ളാസെടുത്തു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം