ഐഎസ്സി മസ്കറ്റ് കേരളവിഭാഗം വിജ്ഞാനോത്സവവും പോസ്റര്‍ രചനാ മത്സരവും നവംബര്‍ 22 ന്
Wednesday, November 5, 2014 5:07 AM IST
മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിഭാഗം ഒമാനിലെ വിദ്യാര്‍ഥികള്‍ക്കായി വിജ്ഞാനോത്സവവും പോസ്റര്‍ രചനാ മത്സരവും സംഘടിപ്പിക്കുന്നു. 'എന്റെ കേരളം എന്റെ മലയാളം പ്രശ്നോത്തരി' എന്ന പേരില്‍ കഴിഞ്ഞ 11 വര്‍ഷമായി കേരള വിഭാഗം വിജ്ഞാനോത്സവം വിജയകരമായി നടത്തി വരുന്നുണ്ട്.

കേരളത്തിന്റെ കലാ,കായിക,സാഹിത്യ,സാംസ്കാരിക,സാമുഹ്യ, രാഷ്ട്രീയ മണ്ഡലങ്ങളിലൂടെയുള്ള ഒരു അന്വേഷണമാണ് 'എന്റെ കേരളം എന്റെ മലയാളം'. കുട്ടികളിലും പ്രവാസികളിലും ഭാഷയിലും സാഹിത്യത്തിലും ആഭിമുഖ്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. പ്രശസ്ത സാഹിത്യകാരനും അധ്യാപകനും അക്ഷരമുറ്റം പ്രശ്നോത്തരിയുടെ ആസൂത്രകരില്‍ ഒരാളുമായ ഡോ. ജിനേഷ് കുമാര്‍ എരമം ആണ് പ്രശ്നോത്തരി നയിക്കുന്നത്.

നവംബര്‍ 22 ന് (ശനി) രാവിലെ ഒമ്പതിന് ഇന്ത്യന്‍ സ്കൂള്‍ ദാര്‍സയിറ്റിലാണ് പരിപാടി. ഒമാനിലെ വിവിധ സ്കൂളുകളില്‍ നിന്നായി 600ല്‍ അധികം വിദ്യാര്‍ഥികള്‍ വിജ്ഞാനോത്സവത്തില്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് 'എന്റെ കേരളം എന്റെ മലയാളം' എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റര്‍ രചനാ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. അ2 പേപ്പറില്‍ തയാറാക്കിയ പോസ്ററുകള്‍ നവംബര്‍ 12ന് മുമ്പായി ദാര്‍സയിറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ഓഫീസില്‍ എത്തിക്കേണ്ടതാണ്.

ഉത്സവാന്തരീക്ഷത്തില്‍ നടക്കുന്ന പരിപാടി വിജയിപ്പിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടകര്‍ നടത്തുന്നതെന്ന് കണ്‍വീനര്‍ രജിലാല്‍ പറഞ്ഞു. പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സാക്ഷ്യ പത്രവും വിജയികള്‍ക്ക് സമ്മാനവും നല്‍കും.

വിശദ വിവരങ്ങള്‍ക്ക്: സന്തോഷ് കുമാര്‍ (സാഹിത്യവിഭാഗം കോ ഓര്‍ഡിനേറ്റര്‍) 92338105.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം