ഷിക്കാഗോ സെന്റ് മേരീസില്‍ സകല വിശുദ്ധരുടേയും ദിനാചരണം ഭക്തിനിര്‍ഭരമായി
Wednesday, November 5, 2014 5:03 AM IST
ഷിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സകല വിശുദ്ധരുടേയും ദിനാചരണം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഭക്തിനിര്‍ഭരമായി ആചരിച്ചു. നവംബര്‍ രണ്ടിന് (ഞായര്‍) രാവിലെ മതബോധന ക്ളാസുകളില്‍ വിശുദ്ധരെപ്പറ്റി പ്രത്യേക ക്ളാസുകളും സ്ളൈഡ് ഷോയും പോസ്റര്‍ പ്രദര്‍ശനവും നടത്തപ്പെട്ടു. തുടര്‍ന്ന് വിശുദ്ധരുടെ ചിത്രങ്ങളുമേന്തി വിശുദ്ധരുടെ വേഷങ്ങള്‍ അണിഞ്ഞ കുട്ടികളുടെ അകമ്പടിയോടെ ദേവാലയത്തിലേക്ക് നടത്തിയ ഘോഷയാത്രയില്‍ മതബോധന സ്കൂളിലെ അഞ്ഞൂറോളം കുട്ടികളും എണ്‍പതോളം അധ്യാപകരും പങ്കെടുത്തു.

പ്രൊസഷനില്‍ ഉടനീളം ദേവാലയത്തിലെ ഗായകസംഘം സകല വിശുദ്ധരുടേയും ലുത്തീനിയ ആലപിച്ചു. തുടര്‍ന്ന് വിശുദ്ധരുടെ ജീവിതമാതൃക തങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിക്കൊള്ളാം എന്ന് പ്രഖ്യാപിക്കുന്ന സകല വിശുദ്ധരുടേയും പ്രതിജ്ഞ കുട്ടികള്‍ ഏറ്റുചൊല്ലി. അസിസ്റന്റ് ഡയറക്ടര്‍ മനീഷ് കൈമൂലയില്‍ സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാന മധ്യേ വികാരി ഫാ. തോമസ് മുളവനാലും അസിസ്റന്റ് വികാരി ഫാ. സുനി പടിഞ്ഞാറേക്കരയും കുട്ടികള്‍ക്ക് സകല വിശുദ്ധരുടേയും സന്ദേശം നല്‍കി. വിശുദ്ധരുടെ ജീവിതം അനുകരിക്കാന്‍ വൈദീകര്‍ കുട്ടികളെ ഉദ്ബോധിപ്പിച്ചു.

വി. കുര്‍ബാനയ്ക്കുശേഷം കുട്ടികള്‍ക്കെല്ലാവര്‍ക്കും മിഠായി വിതരണം നടത്തി. തുടര്‍ന്ന് സമാധാനത്തിന്റെ സന്ദേശം അറിയിച്ചുകൊണ്ട് വൈദീകരുടെ നേതൃത്വത്തില്‍ ബലൂണുകള്‍ ആകാശത്തേക്ക് പറത്തുന്ന ചടങ്ങ് നടന്നു. തിരുനാള്‍ ആഘോഷ പരിപാടികളില്‍ ഉടനീളം ഇടവകാംഗങ്ങള്‍ ഒന്നടങ്കം പങ്കുചേര്‍ന്നു. സി. സേവ്യര്‍, സജി പുതൃക്കയില്‍, ജോണി തെക്കേപ്പറമ്പില്‍, സാലി കിഴക്കേക്കുറ്റ്, ബിജു പൂത്തറ, സണ്ണി മേലേടം, ചര്‍ച്ച് എക്സിക്യൂട്ടീവ് അംഗങ്ങള്‍, അധ്യാപകര്‍, പേരന്റ് വോളന്റിയേഴ്സ്, ഗായകസംഘം, അള്‍ത്താര ശുശ്രൂഷികള്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. സാജു കണ്ണമ്പള്ളി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം